പ്രഭാസിനെയല്ല, പറഞ്ഞത് രാഘവ ലോറൻസിനെ കുറിച്ചെന്ന് മന്ത്രി കടകംപള്ളി

webtech_news18
തിരുവനന്തപുരം: കഴിഞ്ഞ ദിവസം പ്രസംഗത്തിൽ താൻ നടത്തിയ പരാമർശം നടൻ രാഘവ ലോറൻസിനെ കുറിച്ചായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഒരു കോടി രൂപ നല്‍കിയത് തമിഴ് നടന്‍ രാഘവ ലോറന്‍സാണ്. ആരെയും ചെറുതാക്കി കാണിക്കാനായിരുന്നില്ല ഈ പരാമര്‍ശം. മലയാളികളില്‍ പലര്‍ക്കും അത്ര പരിചയമില്ലാത്ത രാഘവ ലോറൻസ് എന്ന നടന്‍ കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തില്‍ ആശ്വാസവുമായി ഓടിയെത്തിയതിനെ കുറിച്ചാണ് പറഞ്ഞതെന്നും കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കാന്‍ തീരുമാനിച്ച പ്രഭാസിന് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് ഇതില്‍ വ്യക്തത വരുത്തുന്നത്. തമിഴ് നാട്ടിലെ കോണ്‍ഗ്രസ് യൂണിയന്റെ നേതൃത്വത്തില്‍ ടിവിഎസ് കമ്പനിയിലെ ബ്രേക്ക് ഇന്ത്യാ ലിമിറ്റഡിലെ തൊഴിലാളികള്‍ ഒരു കോടി എണ്‍പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതും അതേ വേദിയില്‍ പറഞ്ഞിരുന്നു. ഇത് ഇവിടത്തെ തൊഴിലാളി സംഘടനകളും മാതൃകയാക്കണമെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഒരു കോടി രൂപ നല്‍കിയ അന്യഭാഷാ നടനെ കുറിച്ച് സംസാരിച്ചത്. ആരെന്നതല്ല ആ സന്മനസിനെ അഭിനന്ദിക്കുക എന്നത് മാത്രമായിരുന്നു ആ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചത്. അതില്‍ വിവാദത്തിന് താല്‍പര്യമില്ല. കേരളത്തിന്റെ അതിജീവനത്തിനായി കൈ കോര്‍ക്കുന്നവരുടെയെല്ലാം മനസിന് നന്ദി പറയുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.


>

Trending Now