കരുണയും അഞ്ചക്കണ്ടിയും മാത്രമല്ല, പുറത്താക്കല്‍ മൂന്നു പതിറ്റാണ്ട് മുന്‍പും

webtech_news18
തിരുവനന്തപുരം: പാലക്കാട്ടെ കരുണ, കണ്ണൂരിലെ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പിന്‍വാതില്‍ പ്രവേശനം സാധൂകരിക്കാനുള്ള നിയമ നിര്‍മ്മാണം മനുഷ്യത്വത്തിന്റെ പേരിലാണെന്നാണ് സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ന്യായം.എന്നാല്‍ 180 കുട്ടികളുടെ ഭാവിയാണോ സ്വാശ്രയ മാനേജ്‌മെന്റിന്റെ താല്‍പര്യമാണോ കോടതിയെ പോലും വെല്ലുവിളിച്ചുള്ള നിയമ നിര്‍മ്മാണത്തിനു സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.


വിവാദത്തിലായ പാലക്കാട്ടെയും കണ്ണൂരിലെയും രണ്ടു സ്വാശ്രയ കോളജുകള്‍ക്കും പിന്നില്‍ സലഫി, സുന്നി മാനേജ്‌മെന്റുകളാണ്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഈ മനേജ്‌മെന്റുകള്‍ക്കു പിന്നിലുള്ളവരുടെ വോട്ടുകളുടെ എണ്ണമാണ് നിയമനിര്‍മ്മാണ സഭയെ പോലും കോടതിക്കെതിരെ ആയുധമാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണു സൂചന.കോഴ നല്‍കി പ്രവേശനം നേടിയ വിദ്യാര്‍ഥികളോടു മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചെന്നാണ് സര്‍ക്കാരും പ്രതിപക്ഷവും പറയുന്നത്. എന്നാല്‍ മെറിറ്റ് സീറ്റില്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും ഈ കോളജുകളില്‍ പ്രവേശനം നിഷേധിക്കപ്പെട്ട കുട്ടികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാരോ പ്രതിപക്ഷമോ സംസാരിക്കാന്‍ തയാറായില്ല.പ്രവേശനം റദ്ദാക്കുന്നത് ആദ്യ സംഭവമല്ലനേരത്തെയും കേരളത്തില്‍ മെറിറ്റ് അട്ടിമറിച്ച് പിന്‍വാതില്‍ പ്രവേശനം നേടിയ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. കേരള സര്‍വകലാശാലയിലെ മാര്‍ക്ക് തിരുത്തല്‍ വിവാദം മുതല്‍ കൊച്ചി, പരിയാരം മെഡക്കല്‍ കോളജുകളിലെ അനധികൃത പ്രവേശനം റദ്ദാക്കിയതു വരെ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ അരങ്ങേറിയിട്ടുണ്ട്.ഈ കോളജുകളിലൊക്കെ പ്രവേശനം നേടിയ ആദ്യ വര്‍ഷങ്ങളിലോ കോഴ്‌സിന്റെ അവസാന വര്‍ഷങ്ങളിലോ നിയമവിരുദ്ധമായി പ്രവേശിച്ചവരെ കണ്ടെത്തി പുറത്താക്കിയിട്ടുമുണ്ട്. എന്നാല്‍ അന്നത്തെ ഇടതു വലതു സര്‍ക്കാരുകളൊന്നും ഈ കുട്ടികളുടെ ഭാവിയെ കരുതി നിയമസഭയുടെ സവിശേഷ അധികാരങ്ങള്‍ പ്രയോഗിക്കുകയോ കോടതിയെ വെല്ലുവളിക്കുകയോ ചെയ്തിട്ടില്ല.എന്‍ട്രന്‍സ് ഏര്‍പ്പെടുത്തിയത് മാര്‍ക്ക് തട്ടിപ്പിനു ശേഷംമെഡിക്കല്‍ -എന്‍ജിനിയറിംഗ് പ്രവേശനത്തില്‍ മെരിറ്റ് അട്ടിമറിക്കപ്പെടുന്നെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് സംസ്ഥാനത്ത് ആദ്യമായി പ്രവേശന പരീക്ഷ നടപ്പാക്കിയത്. അന്നു പ്രീ-ഡിഗ്രി മാര്‍ക്കായിരുന്നു പ്രവേശനത്തിന്റെ മാനദണ്ഡം. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്ക് അഭിരുചി അനുസരിച്ച് മെഡിക്കല്‍-എന്‍ജിനീയറിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനം നല്‍കുന്നതായിരുന്നു രീതി. എന്നാല്‍ 1981-82 കാലഘട്ടത്തിലുണ്ടായ മാര്‍ക്ക് തിരുത്തല്‍ വിവാദത്തെ തുടര്‍ന്ന് നേരിട്ടുള്ള പ്രവേശനം അവസാനിപ്പിക്കുകയായിരുന്നു.കേരള സര്‍വകലാശാലയിലെ ജോയിന്റ് രജിസ്ട്രാറെ സ്വാധീനിച്ച് മാര്‍ക്ക് ഷീറ്റ് തിരുത്തിയാണ് പലരും മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയതെന്നായിരുന്നു, ആരോപണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസിന്റെ കണ്ടെത്തല്‍. ഒന്നാം വര്‍ഷം മുതല്‍ അവസാന വര്‍ഷ കോഴ്‌സുകളില്‍ വരെ യോഗ്യതയില്ലാത്തനിരവധി പേരുണ്ടെന്നും കണ്ടെത്തി. ഇത്തരക്കാരെ കോളജുകളില്‍നിന്ന് പുറത്താക്കുകയും അവര്‍ക്കെതിരെ ക്രമിനല്‍ കേസെടുക്കുകയും ചെയ്തു. ഇവരില്‍ പലര്‍ക്കും തുടര്‍ പഠനം തടസപ്പെട്ട് വര്‍ഷങ്ങളോളം കേസിനു പിന്നാലെ നടക്കേണ്ട അവസ്ഥയുമുണ്ടായി.എന്നാല്‍ അന്നത്തെ സര്‍ക്കാരോ പ്രതിപക്ഷമോ ഈ വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ മാനുഷ്യത്വത്തിന്റെ പേരില്‍ നിയമനിര്‍മ്മാണം നടത്താനോ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കാനോ തയാറായില്ല. അക്കാലത്ത് ഉന്നത വിദ്യാഭ്യാസ രംഗത്ത് മത-സാമുദായിക ശക്തികള്‍ക്ക് കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ലെന്നതാണ് ഇതിന് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നല്‍കുന്ന ഉത്തരം.പുറത്താക്കല്‍ കൊച്ചിയിലും പരിയാരത്തും2004-ല്‍ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് എം.വി രാഘവന്‍ സഹകരണമന്ത്രിയായിരിക്കെ ഇന്നത്തേതിനു സമാനമായ രീതിയില്‍ സ്വാശ്രയ പ്രവേശനം സംബന്ധിച്ച് ആക്ഷേപമുയര്‍ന്നിരുന്നു. 2000-ത്തില്‍ പ്രവര്‍ത്തനമാരംഭിച്ച കൊച്ചി സഹകരണ മെഡിക്കല്‍ കോളജിലെ പ്രവേശനം സംബന്ധിച്ചാണ് അന്ന് പരാതി ഉയര്‍ന്നത്. ഇവിടെ 2001-ല്‍ 50 സീറ്റിലേക്കു മാത്രമായിരുന്നു പ്രവേശനം. 2002-03 വര്‍ഷങ്ങളില്‍ ഇവിടെ പ്രവേശനം നടന്നില്ല. 2004-ല്‍ 100 സീറ്റിലേക്ക് പ്രവേശനം നടത്തി. ഇതില്‍ 50 സീറ്റിലേക്കും സര്‍ക്കാര്‍ ഫീസില്‍ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണറുടെ പട്ടികിയില്‍നിന്നും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചു.ബാക്കിയുള്ള 50-ല്‍ 35 എണ്ണം പേയ്‌മെന്റ് സീറ്റായും 15 എണ്ണം എന്‍ആര്‍ഐ ക്വാട്ടയായും പ്രവേശനം നടത്തി. എന്നാല്‍ ഈ 50 സീറ്റുകളിലും മാനദണ്ഡം അട്ടിമറിച്ചായിരുന്നു പ്രവേശനമെന്ന് ആക്ഷേപമുയര്‍ന്നു. അന്നു സഹകരണ മന്ത്രിയായിരുന്നു എം.വി രാഘവനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ഈ ആരോപണങ്ങള്‍. പ്രവേശന നടപടി പിന്നീട് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. മാസങ്ങള്‍ നീണ്ട കോടതി നടപടിക്കൊടുവില്‍ 35 കുട്ടികളുടെ പ്രവേശനം കോടതി റദ്ദാക്കി. കോടതി ഉത്തരവ് പുറത്തു വരുമ്പോഴേയ്ക്കും ഒന്നാം വര്‍ഷ ക്ലാസ് പകുതിയായിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ മാനസികാവസ്ഥയോ മനുഷ്യത്വമോ ഭാവിയോ ഒന്നും അവിടെ ആരും പരിഗണിച്ചില്ലെന്നു മാത്രമല്ല പകരം അര്‍ഹതയുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.അതേവര്‍ഷം പരിയാരം സഹകരണ മെഡിക്കല്‍ കോളജിലും ഇതിനു സമാനമായ സംഭവമുണ്ടായി. ഇവിടെനിന്നും മുപ്പതിലധികം വിദ്യാര്‍ഥികളെയാണ് അക്കാദമിക് വര്‍ഷത്തിന്റെ അവസാനത്തോടെ പിരിച്ചുവിട്ടത്. എന്നാല്‍ ഇവിടെയും മനുഷ്യത്വത്തേയോ കുട്ടികളുടെ ഭാവിയെയോ കുറിച്ച് ഒരു നേതാവിനും ആകുലതകളൊന്നുമുണ്ടായില്ല. ഈ രണ്ടു കോളജുകളും വോട്ടു ബാങ്കുകളായ ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്കു കീഴിലല്ലായിരുന്നു എന്നതാകും കാരണമെന്ന് കരുണയ്ക്കും അഞ്ചരക്കണ്ടിക്കും വേണ്ടിയുള്ള നിയമ നിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ കരുതേണ്ടി വരും. 
>

Trending Now