സമരം അതിരുകടന്നത്; കന്യാസ്ത്രീയുടെയും ബിഷപ്പിന്റെയും വേദന ഒരുപോലെയെന്ന് കെസിബിസി

webtech_news18
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരമുഖത്തുള്ള കന്യാസ്ത്രീകള്‍ക്കെതിരെ കേരള കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ (കെസിബിസി). കന്യാസ്ത്രീകളുടെ സമരം അതിരുകടന്നതാണെന്ന് കുറ്റപ്പെടുത്തിയ കെസിബിസി സഭയെയും ബിഷപ്പുമാരെയും അടച്ചാക്ഷേപിക്കാന്‍ ശ്രമം നടക്കുകയാണെന്നും ആരോപിച്ചു.അഞ്ച് കന്യാസ്ത്രീകളെ മുന്നില്‍നിര്‍ത്തി ചില നിക്ഷിപ്ത താത്പര്യക്കാരും ചില മാധ്യമങ്ങളും ചേര്‍ന്ന് നടത്തുന്ന സമരം അതിരുകടക്കുന്നതും സഭയെയും ബിഷപ്പുമാരെയും അധിക്ഷേപിക്കുന്നതുമാണ്. കേസുമായി ബന്ധപ്പെട്ട് മൊഴികള്‍ അടക്കമുള്ളവ മാധ്യമങ്ങളിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആരെയെങ്കിലും ആക്ഷേപിക്കുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.


പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെയും ആരോപണ വിധേയനായ ബിഷപ്പിന്റെയും വേദന ഒരുപോലെയാണ് തങ്ങള്‍ കാണുന്നതെന്നാണ് കെസിബിസിയുടെ നിലപാട്. ഇതില്‍ ഏതെങ്കിലും ഒരു പക്ഷത്തോടൊപ്പം നില്‍ക്കാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറല്ല. പൊലീസിന്റെ അന്വേഷണം നീതപൂര്‍വമായി നടക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയും വേണമെന്നും പൊലീസിനു മേല്‍ സമ്മര്‍ദ്ദം ഉണ്ടാകരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം, ആരോപണത്തില്‍ നിഷ്പക്ഷമായി അന്വേഷണം നടക്കാന്‍ ബിഷപ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. ബിഷപ്പിനെതിരായ ആരോപണം സഭയുടെ യശസ്സിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപതാ വക്താവ് ഫാ. നിഗല്‍ ബാരറ്റ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമാനങ്ങള്‍ പരിത്യജിച്ച്‌ അന്വേഷണത്തിന് തയാറാവണമെന്നതാണു സഭയുടെ താൽപര്യമെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം, ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്നു ലത്തീന്‍ സഭ അല്‍മായ സംഘടന അഭിപ്രായപ്പെട്ടു. വ്യക്തിപരമായ ആരോപണങ്ങളെ പ്രതിരോധിക്കാൻ സഭയെ കൂട്ടുപിടിക്കരുതെന്നു കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ആവശ്യപ്പെട്ടു. ജലന്തര്‍ ബിഷപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ സംഭവവികാസങ്ങള്‍ വിശ്വാസികള്‍ക്ക് അപമാനമാണ്. ബിഷപിന്റെ ധാര്‍മികബോധം ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ബിഷപ്പിന്റെ നടപടികള്‍ കത്തോലിക്കാ സഭയുടെ ദര്‍ശനങ്ങള്‍ക്കു വിരുദ്ധമാണെന്നും കെആര്‍എല്‍സിസി വ്യക്തമാക്കി.ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീകളുടെ സമരം അഞ്ചാം ദിവസവും തുടരുകയാണ്. കൊച്ചിയിലെ സമരത്തിനൊപ്പം തിരുവനന്തപുരത്തും ജലന്ധറിലെ സഭാ ആസ്ഥാനത്തും പ്രതിഷേധങ്ങൾ നടന്നു.
>

Trending Now