പ്രളയയത്തിന് ശേഷം വരൾച്ച: മൺതിട്ടകൾ ഒഴികിപ്പോയതും ഭൂഗർഭജലം സംഭരിക്കാനാകാത്തതും തിരിച്ചടിയായി

webtech_news18
#അശ്വിൻ വല്ലത്ത്കോഴിക്കോട്: പ്രളയത്തിന് ശേഷം ​പുഴകള്‍ വരളാന്‍ കാരണം മണ്‍തിട്ടകള്‍ ഒഴുകിപ്പോയതും ഭൂഗര്‍ഭജലം സംഭരിക്കാനാവാത്തതുമെന്ന് സിഡബ്ല്യുആര്‍ഡിഎം(CWRDM)‍. മഴ ഗണ്യമായി കുറഞ്ഞതും വരള്‍ച്ചയ്ക്ക് കാരണമായി. തുലാമാസത്തില്‍ പെയ്യുന്ന മഴ കൂടി സംഭരിക്കാനായില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ച നേരിടേണ്ടിവരുമെന്നും വിദഗ്ധര്‍ പറയുന്നു.


പ്രളയത്തില്‍ നിറഞ്ഞൊഴുകിയ ഭാരതപ്പുഴ, പെരിയാര്‍, കബനി എന്നിവയിലെല്ലാം വന്‍തോതിലാണ് ജലനിരപ്പ് താഴ്ന്നത്. ആഗസ്ത് 20 വരെ പെയ്ത ശക്തമായ മഴ പെട്ടെന്ന് കുറഞ്ഞതും പുഴകളിലെ മണല്‍തിട്ടകള്‍ ഒഴുകിപ്പോയതും ഇതിന് കാരണമായെന്ന് സിഡബ്ല്യുആര്‍ഡിഎം അനുമാനിക്കുന്നു. ഭൂഗര്‍ഭജലത്തിന്റെ തോതിലും വ്യത്യാസം വന്നു. മഴവെള്ളം സംഭരിച്ചിരുന്ന വനമേഖലയിലും നെല്‍വയലുകളിലും വന്‍തോതിലുണ്ടായ കുറവും കാരണമായി. തുലാമാസത്തിലെ മഴ വേണ്ടവിധം സംഭരിക്കാനായില്ലെങ്കില്‍ വലിയ വരള്‍ച്ചയെ നേരിടേണ്ടി വരും. പുഴകളുടെ തീരത്ത് താമസിക്കുന്നവര്‍ക്കും ഇതേ ആശങ്കയുണ്ട്.

പരിസ്ഥിതിക്ക് ആഘാതം തട്ടാതെ പുഴകളില്‍ റെഗുലേറ്ററുകള്‍ പണിതാല്‍ ഒരുപരിധി വരെ ഭൂഗര്‍ഭജലം സംരക്ഷിക്കാനാവും. ജലനിരപ്പ് ക്രമാതീതമായി കുറയുന്ന പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ സര്‍ക്കാര്‍ സിഡബ്ല്യുആര്‍ഡിഎമ്മിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 44 പുഴകളിലും വിശദമായ പഠനം നടത്തും.
>

Trending Now