എലിപ്പനി ബാധിച്ച് നാലുപേർ കൂടി ഇന്ന് മരിച്ചു

webtech_news18
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി മരണം തുടരുന്നു. രോഗ ലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന നാല് പേര്‍ ഇന്ന് മരിച്ചു. 68 പേര്‍ക്ക് കൂടി ഇന്ന് എലിപ്പനി സ്ഥിരീകരിച്ചു.പ്രളയ ശേഷമുള്ള എലിപ്പനി മരണ നിരക്ക് കുറയുന്നില്ല. രോഗ ലക്ഷണങ്ങളുമായി ചികിത്സയിലിരുന്ന് മരിച്ച നാല് പേരില്‍ മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. എറണാകുളം സ്വദേശി ദേവസി, കണ്ണൂര്‍ സ്വദേശി നൗഷാദ്, കാസർകോട് സ്വദേശി അബ്ദുള്‍ അസീസ് എന്നിവരുടെ മരണമാണ് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചത്. മരിച്ച ആലപ്പുഴ സ്വദേശി ഷണ്‍മുഖത്തിന് രോഗം സ്ഥിരീകരിച്ചിട്ടില്ല.


94 പേര്‍ ഇന്ന് രോഗ ലക്ഷണങ്ങളുമായി ചികിത്സ തേടി. ഈ ആഴ്ച ഇതുവരെ 15 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. പ്രളയ ശേഷം എലിപ്പനി കുറയേണ്ട സമയമായിട്ടും കുറയാത്തതില്‍ വ്യക്തമായ കാരണം വിശദീകരിക്കാന്‍ ആരോഗ്യവകുപ്പിനാകുന്നില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കൊതുകു പെരുകുന്നതോടെ ഡെങ്കിപ്പനി പടര്‍ന്നുപിടിക്കുമെന്ന ആശങ്കയും വ്യാപകമാണ്.
>

Trending Now