ഗതികെട്ട് കന്യാസ്ത്രീകൾ; പീഡനത്തിനിരയായ കന്യാസ്ത്രി മാധ്യമങ്ങളെ കണ്ടേക്കും

webtech_news18 , News18 India
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുത്ത് കുറവലിങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും. പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു.സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ ചോദിച്ചു. പരാതിപ്പെട്ട കന്യാസ്ത്രി നാളെ മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്.


സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി.തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു. ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിലിന്‍റെ വിവിധ ഭാരവാഹികളും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കളും ഏകദിന ഉപവാസസമരത്തിൽ പങ്കെടുത്തു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചുവെന്ന ആരോപണമുയര്‍ത്തിയ കന്യാസ്ത്രീയുടെ ഒപ്പമുള്ള അഞ്ച് സന്യാസിനികളാണ് സമര രംഗത്തിറങ്ങിയത്.
മൊഴി രേഖപ്പെടുത്തലല്ലാതെ കേസിൽ ഒന്നും നടക്കുന്നില്ലെന്ന് കന്യാസ്ത്രീകൾ ആരോപിച്ചു. സഭയും സർക്കാരും ബിഷപ്പിനെ സംരക്ഷിക്കുന്നെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും കന്യാസ്ത്രീകൾ പറഞ്ഞു.
>

Trending Now