നാല് സ്വാശ്രയ മെഡി. കോളജുകളിലെ പ്രവേശനത്തിനുള്ള വിലക്ക് തുടരുമെന്ന് സുപ്രീംകോടതി

webtech_news18
ന്യൂഡല്‍ഹി: കേരളത്തിലെ നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശനത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് സുപ്രീംകോടതി.കോളജുകള്‍ ബുധനാഴ്ചക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഈ മാസം പത്തിനകം കൗണ്‍സിലിങ് പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും തീരുമാനം ഉടന്‍ പറയണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.


നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുളള പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.വയനാട് ഡി.എം., തൊടുപുഴ അല്‍ അസ്ഹര്‍, പാലക്കാട് പി.കെ. ദാസ്, വര്‍ക്കല എസ്.ആര്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശനാനുമതിയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്.

മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി. എന്നാല്‍ ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്.ഇതോടെ നാല് കോളജുകളിലെ അഞ്ഞൂറ്റിയന്‍പത് സീറ്റുകളിലേക്കു പ്രവേശനം അനുവദിച്ച ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.
>

Trending Now