ചലച്ചിത്രമേള റദ്ദാക്കിയതിൽ എ.കെ ബാലന് അതൃപ്തി; ചീഫ് സെക്രട്ടറിക്ക് കത്തയച്ചു

webtech_news18
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള റദ്ദാക്കിയ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് സാംസ്‌കാരികമന്ത്രി എ.കെ.ബാലന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഈ വര്‍ഷത്തെ മേള ഒഴിവാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് വിരുദ്ധമാണ് പൊതുഭരണവകുപ്പിന്റെ തീരുമാനമെന്ന് എ.കെ.ബാലന്‍ പറഞ്ഞു.എല്ലാ മേളകളും മാറ്റിവച്ചാല്‍ ശ്മശാന മൂകതയുണ്ടാകും. ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി മേള നടത്തുകയാണ് വേണ്ടത്. ഒരു വര്‍ഷത്തേക്ക് മേളകള്‍ നടത്തേണ്ടെന്ന തീരുമാനത്തോട് മാനസികമായി പൊരുത്തപ്പെടാനാവുന്നില്ല. സ്‌കൂള്‍ കലോത്സവം വേണ്ടെന്ന് വച്ച തീരുമാനത്തോടും എതിര്‍പ്പുണ്ടെന്നും മന്ത്രി പറഞ്ഞു.


പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷപരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കാന്‍ പൊതുഭരണവകുപ്പ് തീരുമാനിച്ചത്. ഇതിനായി നീക്കിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാനും വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.പൊതുഭരണവകുപ്പിന്റെ തീരുമാനത്തിനെതിരെ ചലച്ചിത്ര അക്കാദമിയും രംഗത്ത് വന്നിട്ടുണ്ട്. സര്‍ക്കാര്‍ ഫണ്ട് ഒഴിവാക്കി അക്കാദമി ഫണ്ടുപയോഗിച്ച് മേള നടത്താൻ തയാറാണെന്നാണ് ചെയർമാൻ കമലിന്റെ നിലപാട്.
>

Trending Now