രാജുവിന്റെ ജര്‍മ്മന്‍ യാത്രയില്‍ പാര്‍ട്ടി നാണംകെട്ടു; തീരാകളങ്കമെന്നും സി.പി.ഐയില്‍ വിമര്‍ശനം

webtech_news18
തിരുവനന്തപുരം: പ്രളയക്കെടുതിയ്ക്കിടെ മന്ത്രി കെ രാജുവിന്റെ ജര്‍മ്മന്‍ യാത്ര പാര്‍ട്ടിക്ക് തീരാകളങ്കമായെന്ന് സി.പി.ഐ കൗണ്‍സിലിന്റെ വിലയിരുത്തല്‍. മന്ത്രിയുടെ യാത്ര പാര്‍ട്ടിയുടെ യശസിന് മങ്ങലേല്‍പിച്ചു. മുന്നണിക്കുള്ളിലും നാണംകെട്ടു. വകതിരിവില്ലാത്ത തീരുമാനമായെന്നും അംഗങ്ങള്‍ ആരോപിച്ചു.അതേസമയം യാത്ര തെറ്റായിപ്പോയെന്ന് മന്ത്രി കെ.രാജു യോഗത്തില്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ അച്ചടക്കനടപടി ഉള്‍ക്കൊള്ളുന്നെന്നും മന്ത്രി പറഞ്ഞു.


വിദേശയാത്ര വിവാദമായതിനുപിന്നാലെ കെ രാജുവിന് പാര്‍ട്ടി പരസ്യശാസനയും താക്കീതും നല്‍കിയിരുന്നു. തെറ്റുപറ്റിയെന്ന് മന്ത്രി നേരത്തെയും വ്യക്തമാക്കിയിരുന്നു. പ്രളയക്കെടുതിയുടെ രൂക്ഷത മനസിലാക്കാതെയാണു ജര്‍മനിയിലേക്കു തിരിച്ചത്. സര്‍ക്കാരിന്റേയും പാര്‍ട്ടി സെക്രട്ടറിയുടേയും അനുമതി ലഭിച്ചിരുന്നു.

16ന് പുലര്‍ച്ചെ പോകുമ്പോള്‍ പ്രളയം ഇത്ര രൂക്ഷമായിരുന്നില്ല. പെട്ടെന്നുമടങ്ങാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദേശം വന്നെങ്കിലും ടിക്കറ്റ് ലഭിക്കാന്‍ വൈകി. വകുപ്പുകളുടെ ചുമതല പി.തിലോത്തമന് നല്‍കിയതില്‍ തെറ്റില്ല. രാജിവയ്‌ക്കേണ്ട തെറ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു രാജുവിന്റെ അന്നത്തെ പ്രതികരണം.യാത്രക്ക് ഒരു മാസം മുമ്പാണ് അനുമതി രാജു തേടിയത്. അന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മന്ത്രിയുടെ യാത്രയ്ക്ക് അനുമതിയും നല്‍കി. എന്നാല്‍ പ്രളയക്കെടുതി ഉണ്ടായതിനു പിന്നാലെ മുഖ്യന്ത്രിയെ പോലും അറിയിക്കാതെ മന്ത്രി തിലോത്തമന് ചുമതല നല്‍ക് രാജു ജര്‍മ്മനിയിലേക്കു പോകുകയായിരുന്നു.കോട്ടയം ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയും രാജുവിനായിരുന്നു. ജര്‍മ്മന്‍ യാത്രയ്ക്ക് മുന്നോടിയായി സ്വന്തം ലറ്റര്‍ പാഡില്‍ കൈമാറിയ നിര്‍ദ്ദേശത്തിലൂടെയാണ് വനംവകുപ്പിന്റെ ചുമതല ഭക്ഷ്യമന്ത്രിക്ക് കൈമാറിയത്. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതുമില്ല. അതുകൊണ്ടുതന്നെ ചുമതലമാറ്റം സംബന്ധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവുമിറക്കിയില്ല. പുതിയൊരു വകുപ്പിന്റെ ചുമതല ലഭിച്ച തിലോത്തമനാകാട്ടെ ഇക്കാര്യം മുഖ്യമന്ത്രിയെയോ പൊതുഭരണ വകുപ്പിനെയോ അറിയിക്കുകയും ചെയ്തില്ല.
>

Trending Now