ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവില്ലെന്ന് പൊലീസ്

webtech_news18 , News18 India
കൊച്ചി : ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ്. അറസ്റ്റ് ഒഴിവാക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ ആണ് അറിയിച്ചത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ബിഷപ്പിനെ അടുത്താഴ്ചയോടെ കേരളത്തിലേക്ക് വിളിച്ചു വരുത്തിയേക്കുമെന്നാണ് സൂചന.

ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് ഉടനില്ല


ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ പീഡന പരാതി നല്‍കി മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ നടപടി ഉണ്ടാകാത്തതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പുമെല്ലാം കഴിഞ്ഞിട്ടും ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. ഒരു വിധത്തിലുള്ള സമ്മര്‍ദ്ദത്തിന്റെയും അടിസ്ഥാനത്തിലല്ല ഈ നിലപാടെന്നും വിശദീകരിക്കുന്നുണ്ട്.


കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുധ്യങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇത് കോടതിയില്‍ തിരിച്ചടി ഉണ്ടാക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ആ സാഹചര്യത്തില്‍ ആദ്യഘട്ട അന്വേഷണം പിഴവുകള്‍ ഒഴിവാക്കി പൂര്‍ത്തീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. അടുത്ത ഏഴുദിവസത്തിനുള്ളില്‍ ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ബിഷപ്പിനെ വിളിച്ചു വരുത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അടുത്ത ആഴ്ചയോടെ ഫ്രാങ്കോ മുളയ്ക്കലിനെ നാട്ടിലെത്തിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
>

Trending Now