നീതി കിട്ടും വരെ സമരം; കേസ് പൊലീസ് അട്ടിറിക്കുമോയെന്ന് സംശയമെന്നും കന്യസ്ത്രീകൾ

webtech_news18 , News18 India
കൊച്ചി: കേരളം ഇതുപോലൊരു സമരം ഇതിനുമുമ്പ് കണ്ടിട്ടുണ്ടോയെന്ന് സംശയമാണ്. കർത്താവിന്‍റെ മണവാട്ടിമാർ പിതാവിനെതിരെ തെരുവിലിറങ്ങിയിരിക്കുന്നു. പീഡനത്തിന് ഇരയായ തങ്ങളുടെ സഹോദരിക്ക് നീതി ലഭിക്കുന്നതിനു വേണ്ടിയാണ് തെരുവിലിറങ്ങിയതെന്ന് കന്യാസ്ത്രികൾ വ്യക്തമാക്കി കഴിഞ്ഞു. ജലന്ധർ രൂപതയ്ക്ക് കീഴിലുള്ള മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്തിറങ്ങിയത്.കേസ് പൊലീസ് അട്ടിമറിക്കുമോയെന്ന് സംശയമുണ്ടെന്ന് കുറവിലങ്ങാട് മഠത്തിലെ അംഗമായ സിസ്റ്റർ അനുപമ പറഞ്ഞു. ബിഷപ്പിനെതിരെ പരാതി നൽകി ഇത്രയും നാളായിട്ടും കേരളത്തിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ല. ബിഷപ്പിനെ അറസ്റ്റ് ചെയ്താൽ കൂടുതൽ തെളിവുകളുമായി കൂടുതൽ ആളുകൾ രംഗത്തെത്തുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.


കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ബിഷപ്പിനെ ഒരു പ്രാവശ്യം ചോദ്യം ചെയ്തപ്പോൾ കന്യാസ്ത്രിയെ ആറു പ്രാവശ്യമാണ് ചോദ്യം ചെയ്തത്. പീഡനത്തിന് ഇരയായ കന്യാസ്ത്രിയോട് കുഴയ്ക്കുന്ന ചോദ്യങ്ങൾ അന്വേഷണസംഘം ഉന്നയിക്കുകയും ചെയ്തിരുന്നു.കന്യാസ്ത്രിയുടെ മൊഴിയിലെ പൊരുത്തക്കേടുകളാണ് അന്വേഷണസംഘം ചികഞ്ഞുപിടിച്ചത്. കർദ്ദിനാൾ ആലഞ്ചേരിക്ക് നൽകിയ പരാതിയിൽ 'റേപ്' എന്നൊരു വാക്ക് ഇല്ലെന്നും എന്നാൽ വത്തിക്കാൻ ന്യൂൺഷ്യോയ്ക്ക് നൽകിയ പരാതിയിൽ റേപ് എന്നു പറയുന്നുണ്ടെന്നും അതിന്‍റെ കാരണമെന്താണെന്നും ചോദിക്കുന്നു.2014ൽ സഹോദരിയുടെ വീട്ടിൽ പോയപ്പോൾ കൂടെയുണ്ടായിരുന്നത് ആരൊക്കെയാണെന്നും ഏതു വാഹനത്തിലാണ് പോയതെന്നും ആരൊക്കയാണ് മുന്നിലും പിന്നിലുമിരുന്നതെന്നും അന്വേഷണസംഘം ചോദിക്കുന്നു. ബിഷപ്പിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നായിരുന്നു കഴിഞ്ഞയാഴ്ച വരെ അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. എന്നാൽ, കൊച്ചിയിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷമായിരുന്നു കന്യാസ്ത്രിയുടെ മൊഴിയിലെ പൊരുത്തക്കേട് ഉയർത്തിക്കൊണ്ടു വന്നത്.ഐജിയുമായി നടന്ന കൂടിക്കാഴ്ചയിൽ 2000 പേജുള്ള റിപ്പോർട്ട് സൂക്ഷ്മമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിൽ ഉയർന്നു വന്ന സംശയങ്ങളാണ് അന്വേഷണസംഘം ഇപ്പോൾ നീക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഒട്ടുമിക്ക ദിവസങ്ങളിലും കന്യാസ്ത്രി മഠത്തിൽ അന്വേഷണസംഘം എത്താറുണ്ട്. എന്നാൽ, നിരന്തരമുള്ള ചോദ്യം ചെയ്യലിൽ പലപ്പോഴും ഒരേ ചോദ്യങ്ങൾ തന്നെയാണ് പൊലീസ് കന്യാസ്ത്രിയോട് ചോദിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ബിഷപ്പിനെതിരെ കോടതിയെ സമീപിക്കാൻ ഇവർ ആലോചിക്കുന്നതും.
>

Trending Now