ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് : ജനാധിപത്യവിരുദ്ധമെന്ന് പ്രതിപക്ഷം

webtech_news18 , News18 India
തിരുവന്തപുരം : ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ഉത്തരവിന്‍ മേല്‍ ഭിന്നത. പ്രളയദുരന്തത്തില്‍ അകപ്പെട്ട ജീവനക്കാരും ഉണ്ടെന്നും അവരില്‍ നിന്ന് ഇനിയും പണം ഈടാക്കരുതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജീവനക്കാരുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രം അവര്‍ക്കിഷ്ടമുള്ള തുക ഈടാക്കണമെന്ന നിലപാടിലാണ് യുഡിഎഫ് സംഘടനകള്‍.നിര്‍ബന്ധിത ദുരിതാശ്വാസ പിരിവിനെതിരെ കോണ്‍ഗ്രസ് അധ്യാപക സംഘടന


എന്നാല്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ സാധിക്കാത്ത ജീവനക്കാര്‍ അക്കാര്യം എഴുതിനല്‍കണമെന്നാണ് ധനമന്ത്രി തോമസ് ഐസക് അറിയിച്ചിരിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് സംഘടനാ നേതാക്കളുമായി ധനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. അതിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. സമ്മതപത്രം എഴുതിവാങ്ങിയ ശേഷം മാത്രമെ ശമ്പളം പിടിക്കാവു എന്ന അഭിപ്രായം പ്രതിപക്ഷം മുന്നോട്ട് വച്ചെങ്കിലും ഇത് സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നായിരുന്നു ധനമന്ത്രി പ്രതികരിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം പിടിക്കുക എന്നത് സര്‍ക്കാര്‍ നിലപാടാണെന്നാവര്‍ത്തിച്ച തോമസ് ഐസക്, ഇതിനായുള്ള വ്യവസ്ഥകളും മുന്നോട്ട് വച്ചു.ഒറ്റത്തവണയോ പത്ത് ഗഡുക്കളായോ അല്ലെങ്കില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്ന തവണകളായോ ശമ്പളം നല്‍കാം. ആവശ്യമെങ്കില്‍ ലീവ് സറണ്ടറും ഇതിലേക്ക് പരിഗണിക്കും. ശമ്പളത്തില്‍ നിന്ന് നേരത്തെ വിഹിതം നല്‍കിയിട്ടുണ്ടെങ്കില്‍ ഇത് കുറച്ചായിരിക്കും ശമ്പളം ഈടാക്കുക.എന്താണ് താത്പ്പര്യം എന്നെഴുതി നല്‍കിയാല്‍ മതിയാകുമെന്നാണ് ധനമന്ത്രി അറിയിച്ചിരിക്കുന്നത്.അതേസമയം ശമ്പളം നിര്‍ബന്ധമായും ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതംഗീകരിക്കില്ലെന്നുമാണ് പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നിലപാട്. തുടക്കം മുതല്‍ തന്നെ ഇതേ നിലപാട് തന്നെയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്.ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന നിര്‍ബന്ധം ജനാധിപത്യവിരുദ്ധമാണെന്നും ഭരണസ്വാധീനം ഉപയോഗപ്പെടുത്തി ശമ്പളം നിര്‍ബന്ധമായി പിടിക്കാന്‍ ശ്രമിച്ചാല്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ നടത്തുമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
>

Trending Now