ആരോപണ വിധേയരെ എഴുന്നള്ളിക്കുന്ന പാരമ്പര്യം പാര്‍ട്ടിക്കില്ല; ശശിക്കെതിരെ നടപടി ഉണ്ടാകുമെന്നു സി.പി.എം

webtech_news18
തിരുവനന്തപുരം: പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ലൈംഗിക പീഡനത്തില്‍ ആരോപണവിധേയനായ പി.കെ ശശി എം.എല്‍.എക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സി.പി.എം.പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് നടപടികള്‍ ആരംഭിച്ചതെന്നും ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.


ആരോപണ വിധേയരായ നേതാക്കളെ എഴുന്നെള്ളിച്ച് ഘോഷയാത്ര നടത്തുകയും, പൂമാലയര്‍പ്പിക്കുകയും ചെയ്ത ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുടെ പാരമ്പര്യമല്ല സി.പി.എം ഉയര്‍ത്തിപ്പിടിക്കുന്നത്. പി.കെ.ശശിക്കെതിരായി ഉയര്‍ന്നുവന്ന പരാതിയിലും പാര്‍ടിയുടെ ഭരണഘടനയ്ക്കും അന്തഃസ്സിനും സദാചാര മൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും പാര്‍ടി കൈക്കൊള്ളുകയെന്നും പ്ത്രക്കുറിപ്പില്‍ പറയുന്നു.

ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി.ഓഗസ്റ്റ് 31 ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനെയും പി.കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ സെക്രട്ടേറിയേറ്റ് യോഗം ഐക്യകണ്‌ഠേനെയാണ് തീരുമാനമെടുത്തത്.സ്ത്രീ സുരക്ഷ ഉറപ്പാക്കുക, സ്ത്രീകളുടെനേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ കാര്യങ്ങളില്‍ എക്കാലത്തും സി.പി.എം ഉറച്ച നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. സ്ത്രീകളെ അപമാനിക്കുന്ന പരാതികള്‍ ഉയര്‍ന്നുവന്ന അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, കര്‍ശനമായ നടപടികളാണ്, പാര്‍ടി സ്വീകരിച്ചത്. ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ക്ക് ബോദ്ധ്യമുള്ളതാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
>

Trending Now