കേന്ദ്രസർവകലാശാലയിൽ അധ്യാപകന് സസ്പെൻഷൻ; പ്രതിഷേധം വ്യാപകം

webtech_news18
കാസർകോട്: കേരള കേന്ദ്രസർവകലാശാലയിൽ ഇംഗ്ലീഷ് താരതമ്യ സാഹിത്യ പഠനവകുപ്പ് മേധാവി ഡോ. പ്രസാദ് പന്ന്യനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകം. അഗ്നിരക്ഷാ ഉപകരണത്തിന്റെ ചില്ലുതകർത്ത കേസിൽ അറസ്റ്റിലായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥി ജി.നാഗരാജുവിന് അനുകൂലമായി ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് പ്രസാദ് പന്ന്യനെ സസ്പെൻഡ് ചെയ്തത്.ഇക്കഴിഞ്ഞ മാർച്ചിൽ ഹോസ്റ്റൽ സൗകര്യങ്ങൾ ആവശ്യപ്പെട്ട് വിദ്യാർഥികൾ സമരം ചെയ്തിരുന്നു. ഗവേഷണ വിദ്യാർഥിയും അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ നേതാവുമായ നാഗരാജു സമരത്തിന് മുൻനിരയിലുണ്ടായിരുന്നു. വൈസ് ചാൻസലറും രജിസ്ട്രാറും വാർഡനും യു.ജി.സി. നിയമങ്ങൾക്കെതിരായാണ് നിലകൊള്ളുന്നതെന്ന് നാഗരാജു ആരോപിച്ചിരുന്നു. ഇതിനുശേഷമാണ് പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയിൽ നാഗരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇതേത്തുടർന്നാണ് നാഗരാജുവിന് പിന്തുണയുമായി പ്രസാദ് പന്ന്യൻ ഫേസ്ബുക്ക് കുറിപ്പിട്ടത്.


ചെറിയ കുറ്റത്തിന് നമ്മുടെ ഒരു കുട്ടിയെ ക്രിമിനൽ കേസെടുത്ത് ജയിലിൽ അടച്ചത് അത്യന്തം വേദനാജനകമാണെന്നും പിഴയടച്ച് തീർക്കേണ്ട പ്രശ്നമാണെന്നുമാണ് പ്രസാദ് പന്ന്യൻ പോസ്റ്റിൽ പറഞ്ഞത്. ഒരു വിദ്യാർഥി ജനൽചില്ല് പൊട്ടിച്ചതിന് തടവിൽ കഴിയുന്നതിനെ അപലപിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തുടർന്നാണ് സർവകലാശാല നടപടിയെടുത്തത്.
>

Trending Now