'മീശ'യ്ക്ക് ശേഷം; എസ്. ഹരീഷ് ന്യൂസ് 18നോട് പറയുന്നു

webtech_news18
മീശ നോവലിന്റെ പേരിൽ സൈബർ ആക്രണവും വധഭീഷണിയും നേരിട്ട നോവലിസ്റ്റ് എസ്. ഹരീഷ് ആ ദിവസങ്ങളെ കുറിച്ച് ന്യൂസ് 18നോട് മനസ്സുതുറക്കുന്നു. വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഹരീഷ് ഒരു മാധ്യമത്തിന് അഭിമുഖം നൽകുന്നത്. ന്യൂസ് 18 കേരളം അസോസിയേറ്റ് എഡിറ്റർ ശരത്ചന്ദ്രൻ നടത്തിയ അഭിമുഖത്തിൽ വിവാദസമയത്ത് നേരിടേണ്ടിവന്ന ഭീഷണികളെക്കുറിച്ച് ഹരീഷ് വിശദമാക്കുന്നു.' ആ സമയത്ത് ഒരുപാട്പേർ ഫോണിൽ വിളിച്ച് തെറിവിളിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഫേസ്ബുക്ക് മെസഞ്ചറിലും വധഭീഷണി വന്നു. ഒരാൾ തന്റെ കൈവെട്ടണമെന്ന് ആഹ്വാനം ചെയ്ത് ഫേസ്ബുക്ക് പോസ്റ്റിട്ടു. അതിന് താഴെ നാട്ടുകാരനായ, എനിക്ക് അറിയാവുന്നയാൾ വീടെവിടെയാണെന്ന് ലൊക്കേഷൻ സഹിതം നൽകി. ആരെങ്കിലും വന്ന് വെട്ടുന്നെങ്കിൽ വെട്ടിക്കോട്ടെ എന്ന് വിചാരിച്ചാകും അങ്ങനെ ചെയ്തത്. എനിക്കറിയാവുന്നയാളാണ്. നല്ല മനുഷ്യൻ. പക്ഷെ അന്നേരം വർഗീയ വികാരം കീഴടക്കിയതാകാം. കുറച്ചുകാലം കഴിയുമ്പോൾ ഇതൊക്കെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്' - ഹരീഷ് പറയുന്നു.

വിവാദം കത്തിനിന്ന സമയത്ത് ഒരു സ്ത്രീ ഫോൺ വിളിച്ചതിനെ പറ്റിയും ഹരീഷ് പറയുന്നു. 'ഒരുപ്രതിഷേധക്കാരി ഫോൺവിളിച്ചു. ഹിന്ദു സ്ത്രീകളെ അപമാനിച്ചുവെന്ന് പറഞ്ഞു. അതിന് ഞാൻ നിങ്ങളെ അപമാനിച്ചിട്ടില്ലെന്ന് മറുപടി പറഞ്ഞു. പിന്നെയും ഹിന്ദു സ്ത്രീ, ഹിന്ദുസ്ത്രീ എന്ന് പറഞ്ഞപ്പോൾ ഞാൻ‌ ഇതുവരെയും ഒരു ഹിന്ദു സ്ത്രീയെ നേരിട്ട് കണ്ടിട്ടില്ലെന്ന് പറഞ്ഞു. അതെന്താ നിങ്ങൾ കേരളത്തിലല്ലേ ജീവിക്കുന്നതെന്നായി അപ്പോൾ അവരുടെ ചോദ്യം. രാവിലെ മാതൃഭൂമിയിലെയോ മനോരമയിലെയോ വിവാഹപംക്തി നോക്കുമ്പോൾ നായർ സുന്ദരി, ഈഴവ സുന്ദരി, പുലയ സുന്ദരി എന്നേ കാണാറുള്ളൂ. ഹിന്ദു സുന്ദരി എന്ന് ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ അവർ ഒരു തെറി പറഞ്ഞു ഫോൺ കട്ട് ചെയ്തു.'വിവാദത്തിന് ശേഷം നാട്ടുകാരിൽ ചിലർ ഇപ്പോഴും മുഖത്ത് നോക്കാറില്ലെന്ന് ഹരീഷ് പറയുന്നു. അപൂർവം ചിലരാണ് ഇങ്ങനെ പെരുമാറുന്നത്. നാട്ടുകാരിൽ ഭൂരിപക്ഷവും തന്നെ പിന്തുണച്ചു. ഒരുപാട് സുഹൃത്തുക്കൾ‌ ഒപ്പം നിന്നു. എഴുത്തുകാർ കൂടെ നിന്നു. ഇതൊക്കെ അത്തരമൊരു അവസ്ഥയെ അതിജീവിക്കാൻ സഹായകമായെന്നും ഹരീഷ് കൂട്ടിച്ചേർത്തു.അഭിമുഖം ന്യൂസ് 18 കേരളത്തിൽ ഉടൻ സംപ്രേഷണം ചെയ്യും.
>

Trending Now