പ്രളയം കള്ളുചെത്തിനെയും തകർത്തു; ഷാപ്പ് ഉടമകൾ പ്രതിസന്ധിയിൽ

webtech_news18 , News18 India
ആലപ്പുഴ: പേമാരിയും പ്രളയവും കാരണം കടുത്ത പ്രതിസന്ധിയിലാണ് ആലപ്പുഴയിലെ കള്ളുചെത്ത് വ്യവസായം. നൂറ് കണക്കിന് ചെത്ത് തൊഴിലാളികളും ഷാപ്പ് ഉടമകളും ജോലിയും വരുമാനവും ഇല്ലാതെ പ്രതിസന്ധിയിലായി. കെട്ടഴിച്ചുവിട്ട തെങ്ങിന്‍ കുലകള്‍ക്ക് പകരം പുതിയവ കണ്ടെത്തി ചെത്തി കള്ളിറങ്ങാന്‍ ഇനി ആഴ്ചകള്‍ വേണ്ടി വരുമെന്നാണ് കണക്കു കൂട്ടുന്നത്.പെരുമഴയും പ്രളയവും എല്ലാമെത്തിയതോടെ തെങ്ങുകളില്‍ ഇഴജന്തുക്കള്‍ കയറി. കള്ള് ചെത്തുന്ന കുലകള്‍ പേമാരിയില്‍ നശിച്ചു. കൂടുതല്‍ നാശമുണ്ടാകാതിരിക്കാന്‍ ബാക്കി കുലകളുടെ കെട്ടഴിച്ചുവിട്ടു. ഇതോടെ ആലപ്പുഴ ജില്ലയിലെ കള്ളുചെത്ത് വ്യവസായം പൂര്‍ണമായി നിലച്ചു. കള്ള് ചെത്തും വില്‍പനയും ഉപജീവന മാര്‍ഗമായ നൂറ് കണക്കിന് തൊഴിലാളികളാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്.


കള്ള് ചുരത്തുന്ന തെങ്ങിനെ മാത്രമല്ല, ഷാപ്പുകളെയും പ്രളയം വെറുതെ വിട്ടില്ല. ആലപ്പുഴയിലെ ചുങ്കം ഷാപ്പും ചമ്പക്കുളത്തെ ന്യൂയോര്‍ക്ക് സിറ്റിയും എല്ലാം വെള്ളത്തിന് അടിയിലായി. കള്ള് കുടവും കുപ്പിയും പാത്രങ്ങളുമെല്ലാം പ്രളയം ബാക്കിവച്ച അവശിഷ്ടങ്ങളായി. നാടന്‍ കള്ളിന്‍റെ ഉത്പാദനവും വില്‍പനയും പുനരാരംഭിക്കാന്‍ ഇനിയും ആഴ്ചകള്‍ വേണം.പ്രതിസന്ധി നേരിടുന്ന ഷാപ്പുകളിലെ കച്ചവടം ഇപ്പോള്‍ ഭക്ഷണം മാത്രമായി ചുരുങ്ങിയിട്ടുണ്ട്.
>

Trending Now