വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ ഷാഹിന രാജിവച്ചു

webtech_news18
മലപ്പുറം: വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന രാജിവച്ചു. ചെയര്‍പേഴ്‌സണ്‍ സ്ഥാനവും കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചുകൊണ്ടുള്ള കത്ത് നഗരസഭാ സെക്രട്ടറിക്ക് കൈമാറി. സഹപ്രവര്‍ത്തകരുടെ പിന്തുണക്കുറവും നിസഹകരണവുമാണ് രാജിക്ക് കാരണമെന്ന് ഷാഹിന പറഞ്ഞു.മുസ്ലിംലീഗ് പ്രാദേശിക നേതൃത്വവുമായുണ്ടായ കലഹമാണ് ചെയര്‍പേഴ്‌സണ്‍ എം ഷാഹിനയെ രാജിവെക്കാന്‍ പ്രേരിപ്പിച്ചത്.


ഏറെ അനിശ്ചിതത്വിങ്ങൾ‌ക്കൊടുവിലാണ് രാജി. കഴിഞ്ഞ ദിവസം കൗണ്‍സിലര്‍ സ്ഥാനമുള്‍പ്പെടെ രാജിവെക്കുന്നതായുള്ള കത്ത് നേതൃത്വത്തിന് കൈമാറിയിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാപ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഷാഹിനയെ പാണക്കാട്ടേക്ക് വിളിപ്പിക്കുകയായിരുന്നു. തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന് തങ്ങള്‍ പറഞ്ഞതായി എം. ഷാഹിന വ്യക്തമാക്ക‌ി.എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്നാണ് തന്റെ നിലപാടെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഷാഹിനയുടെ നിലപാടിനെ തള്ളി ജില്ലാപ്രസിഡന്റ് രംഗത്തെത്താനുള്ള കാരണം പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണെന്നാണ് സൂചന. ഇതോടെ ഷാഹിന രാജിവയ്ക്കുകയായിരുന്നു.ഏറെ കാലമായി വളാഞ്ചേരി മുനിസിപ്പല്‍ ഭരണസമിതിയില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കൊടുവിലാണ് ചെയര്‍പേഴ്‌സണ്‍ എം. ഷാഹിന ടീച്ചര്‍ രാജി നല്‍കിയത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി നേരത്തെ ഷാഹിന ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനൊപ്പം കൗണ്‍സിലര്‍ സ്ഥാനവും രാജിവെച്ചതായി അറിയിച്ചുകൊണ്ട് ഷാഹിന ടീച്ചര്‍ നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.വരും ദിവസങ്ങളില്‍ മുനിസിപ്പല്‍ മുസ്ലിം ലീഗിലും ഭരണസമിതിയിലും രാജി വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചേക്കും. രാജിവച്ചതോടെ മീമ്പാറ 28 ാം ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും.  
>

Trending Now