ഹർത്താലുമായി സഹകരിക്കില്ല; നടപടി നേരിടാൻ തയാറാണെന്നും വിഡി സതീശൻ

webtech_news18 , News18 India
തിരുവനന്തപുരം: തിങ്കളാഴ്ചത്തെ ഹർത്താലിനെച്ചൊല്ലി കോൺഗ്രസിലും യുഡിഎഫിലും തമ്മിലടി. ഹർത്താലുമായി സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് വിഡി സതീശൻ വ്യക്തമാക്കി. ഇതിന്‍റെ പേരിൽ സംഘടനാ നടപടി ഉണ്ടായാൽ നേരിടാൻ തയാറാണെന്നും സതീശൻ ന്യൂസ് 18നോട് പറഞ്ഞു.പ്രളയം നേരിട്ട കേരളത്തെ ഹർത്താലിൽ നിന്ന് ഒഴിവാക്കണമായിരുന്നു എന്ന് മുസ്ലിംലീഗ് നേതാവ് എംകെ മുനീറും പറഞ്ഞു. പൂർണ പിന്തുണയെന്ന് ജനറൽ സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കിയപ്പോളാണ് ഹർത്താലിൽ നിന്ന് കേരളത്തെ ഒഴിവാക്കമായിരുന്നെന്ന് യുഡിഎഫ് നിയമസഭാകക്ഷി ഉപനേതാവ് കൂടിയായ എം കെ മുനീർ പറഞ്ഞിരിക്കുന്നത്.


കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെതിരെ ഒറ്റയാൾ പോരാട്ടമാണ് വി ഡി സതീശൻ നയിക്കുന്നത്. ഇന്ധനവില വർധനയെ എതിർക്കണമെങ്കിലും ഹർത്താലും ബന്ദുമല്ല മാർഗം. ഈ നിലപാട് പാർട്ടിയിൽ അറിയിച്ചിട്ടുണ്ടെന്നും സതീശൻ ന്യൂസ് 18നോടു പറഞ്ഞു.അതേസമയം, സതീശന്‍റെ നിലപാടിനോട് വിയോജിച്ച് മറ്റു നേതാക്കൾ പ്രതികരിച്ചു. ഹർത്താലിന് പൂർണപിന്തുണയെന്നു തിരുവഞ്ചൂർ രാധാകൃഷ്ണനും സതീശന്‍റേത് വ്യക്തിപരമായ നിലപാടാണെന്നു വി ടി ബൽറാം എംഎൽഎയും പറഞ്ഞു.എന്നാൽ, ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് ഹർത്താൽ പ്രഖ്യാപിച്ചതെന്നും വ്യക്തിപരമായ അഭിപ്രായം മാറ്റിവെച്ച് വിഡി സതീശൻ പാർട്ടിക്ക് ഒപ്പം നിൽക്കുകയാണ് വേണ്ടതെന്നും കെപിസിസി അധ്യക്ഷൻ എംഎം ഹസൻ പറഞ്ഞു. പ്രളയബാധിതമേഖലകളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും എംഎം ഹസൻ പറഞ്ഞു.
>

Trending Now