അരുണ്‍, സച്ചിന്‍ പിന്നെ കെപിഎംജി

webtech_news18 , News18 India
സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന പേരുകളാണിത്. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന് കെ.പി.എം.ജിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതിന് പിന്നാലെയാണ് ഇവര്‍ വാര്‍ത്തകളില്‍ നിറയുന്നത്. സൗജന്യമായാണ് ഇവര്‍ സേവനം വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ന്നു വന്നത് വിമര്‍ശനങ്ങളായിരുന്നു.പ്രതിപക്ഷ നേതാക്കള്‍ അടക്കം ഇതിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചതോടെ ആസൂത്രണബോര്‍ഡ് മുന്‍ അംഗവും ടെക്‌നോപാര്‍ക്ക് സിഇഒയുമായിരുന്ന ജി വിജയരാഘവന്‍ ഇവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. വിശദമായ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ എല്ലാ വിമര്‍ശനങ്ങള്‍ക്കും വിശദമായ മറുപടി തന്നെ അദ്ദേഹം നല്‍കിയിട്ടുണ്ട്.


ഇത്ര ആക്ഷേപിക്കുന്ന ഈ കെ.പി.എം.ജി എന്താണ്?കേരളം പ്രളയക്കെടുതിയില്‍ മുങ്ങിയപ്പോള്‍ തന്നെ കെപിഎംജി ചെയര്‍മാനും സിഇഒയുമായ അരുണ്‍ കുമാറും സച്ചിന്‍ മേനോനും തന്നെ വിളിച്ചിരുന്നുവെന്നാണ് വിജയരാഘവന്‍ പറയുന്നത്. കനത്ത നാശം സംഭവിച്ച കേരളത്തെ സഹായിക്കാന്‍ കെപിഎംജിയില്‍ തന്നെ ഒരു ധനസമാഹരണം തുടങ്ങിയെന്നാണ് അവര്‍ പറഞ്ഞത്. . 72 മണിക്കൂറിനുള്ളില്‍ കെപിഎംജി ജീവനക്കാരില്‍നിന്ന് സമാഹരിച്ച ഒരു കോടി രൂപയും കമ്പനി നല്‍കിയ ഒരു കോടിയും ചേര്‍ത്ത് രണ്ടുകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. കേരളത്തെ കൂടുതല്‍ സഹായിക്കുന്നുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. ധനസമാഹരണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുംവിധമുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാന്‍ പ്രത്യേക ടീമിനെ നിയോഗിക്കാമെന്ന് പറയുകയും ഇക്കാര്യം പിന്നീട് മുഖ്യമന്ത്രിയെ നേരില്‍ കണ്ടപ്പോള്‍ അവര്‍ തന്നെ അറിയിക്കുകയും ചെയ്തു.അരുണിനെയും സച്ചിനെയും കുറിച്ച് വിജയരാഘവന്‍ പറയുന്നത് ഇങ്ങനെ1989 മുതല്‍ അരുണിനെയും കുടുംബത്തെയും നന്നായി അറിയാം. കെപിപി നമ്പ്യാരാണ് അരുണിനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. ഞാന്‍ ടെക്‌നോപാര്‍ക്കിനെകുറിച്ച് എഴുതിയ പുസ്തകത്തിലും ലേഖനങ്ങളിലുമൊക്കെ അരുണിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ടെക്‌നോപാര്‍ക്ക് സ്ഥാപിക്കുന്നതിന് കാരണമാകുന്നത് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാരുടെ സിലിക്കണ്‍ വാലി സന്ദര്‍ശനമായിരുന്നു. സിലിക്കണ്‍ വാലി സന്ദര്‍ശിക്കാന്‍ അവസരമൊരുക്കി നല്‍കിയത് അരുണ്‍ ആയിരുന്നു. കേരളത്തിന്റെ വികസനത്തെക്കുറിച്ച് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയും ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസും ചേര്‍ന്ന് ഒരു സെമിനാര്‍ സംഘടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇതെല്ലാം സാധ്യമാകുന്നത്. അന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല സംഘത്തെ ഇവിടെകൊണ്ടുവരുന്നതിനും സാമ്പത്തികമായും സഹായിച്ചത് അരുണ്‍ ആയിരുന്നു. അന്നുമുതല്‍ നാലു ദശാബ്ദത്തോളം അധികാരത്തില്‍ ഏത് പാര്‍ട്ടിയായാലും കേരള സര്‍ക്കാരിന് ഉറച്ച പിന്തുണയുമായി അരുണ്‍ ഇവിടെയുണ്ട്. ഒബാമ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ കേരളത്തിനായി അദ്ദേഹം വിളിച്ച ഒരു യോഗത്തില്‍ പങ്കെടുത്തത് ഇപ്പോള്‍ ഓര്‍ക്കുന്നു. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരുന്ന അരുണിനെ ഇന്ത്യയിലെ സോഫ്റ്റ് വെയര്‍ വ്യവസായമേഖല ഏറെ ബഹുമാനിക്കുന്നുണ്ട്. തൃശൂര്‍ സ്വദേശിയായ സച്ചിന്‍ മേനോന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് നഗര്‍ കോളേജ് വിദ്യാര്‍ഥിയായിരുന്നു. കേരളത്തിലെ അവരുടെ പ്രവര്‍ത്തനം അത്ര വലിയ ഉയരത്തിലൊന്നുമല്ല. എന്നാല്‍ പലതരത്തില്‍ അവര്‍ നിരവധി സ്റ്റാര്‍ട്ടപ്പുകളെയും ചെറുകിയ സംരഭകരെയും സഹായിക്കുന്നുണ്ട്. കേന്ദ്രബജറ്റുമായി ബന്ധപ്പെട്ട കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ അവര്‍ പങ്കെടുക്കാറുണ്ട്.
>

Trending Now