ഐതിഹ്യത്തിന്റെ അകമ്പടിയിൽ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം

webtech_news18
ആറൻമുള:  പാർഥസാരഥി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വള്ളസദ്യയ്ക്ക് ഭക്തിസാന്ദ്രമായ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ തുടക്കമായി. ആനക്കൊട്ടിലിൽ നിലവിളക്കിനു മുന്നിൽവെച്ച തൂശനിലയിൽ വിഭവങ്ങൾ വിളമ്പി വള്ളസദ്യയ്ക്ക് തുടക്കം കുറിച്ചു. 80 ദിവസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ വഴിപാട് ഒക്ടോബർ രണ്ടിന് സമാപിക്കും.


മാരാമൺ, തെക്കേമുറി, കോയിപ്രം എന്നീ കരകളിൽനിന്നുള്ള പള്ളിയോടങ്ങളിലെ തുഴച്ചിൽക്കാരാണ് വള്ളസദ്യയിൽ ആദ്യദിവസം പങ്കെടുത്തത്. ക്ഷേത്രത്തിലെ ഊട്ടുപുരയിലാണ് 64 വിഭവങ്ങൾ അടങ്ങിയ വള്ളസദ്യ വിളമ്പുന്നത്. മറ്റെങ്ങും പതിവില്ലാത്ത വിഭവങ്ങളും അവ വഞ്ചിപ്പാട്ടു രീതിയിൽ ചോദിച്ചു വാങ്ങുന്നതും ആറന്മുള വള്ളസദ്യയുടെ മാത്രം പ്രത്യേകതയാണ്.വള്ളസദ്യയിലെ വിഭവങ്ങള്‍1. ഏത്തക്ക ഉപ്പേരി
2.ചേമ്പ് ഉപ്പേരി
3.ചേന ഉപ്പേരി
4.ചക്ക ഉപ്പേരി
5.ശര്‍ക്കര വരട്ടി
6.ഉണ്ണിയപ്പം
7.പരിപ്പ്‌വട
8.എള്ളുണ്ട
9.കല്‍ക്കണ്ടം
10.മുന്തിരിങ്ങ
11. അവല്‍
12.മലര്
13.കരിമ്പ്
14.പഴംനുറുക്ക്
15. മോദകം
16. അവില്‍പ്പൊതി
17. തേന്‍
18. പഞ്ചസാര
19. ഉണ്ടശര്‍ക്കര
20. പഴം
21. പപ്പടം വലുത് ഒന്ന്
22. പപ്പടം ചെറുത് രണ്ട്
23. അവിയല്‍
24. കാബേജ് തോരന്‍
25. ചുവന്നചീരത്തോരന്‍
26. ഓമയ്ക്കാത്തോരന്‍
27. തകരയില തോരന്‍
28. ചുറ്റിക്കെട്ടിയ മടന്തയില തോരന്‍
29. മധുരപ്പച്ചടി
30. കിച്ചടി
31. ചമ്മന്തിപ്പൊടി
32. ഉപ്പുമാങ്ങ
33. വഴുതനങ്ങ മെഴുക്ക്പുരട്ടി
34. പാവയ്ക്ക മെഴുക്ക്പുരട്ടി
35. ഇഞ്ചിത്തൈര്
36. സ്റ്റൂ
37. വറുത്ത എരിശ്ശേരി
38. ഓലന്‍ (ഉപ്പില്ലാതെ)
39. ഇഞ്ചി അച്ചാര്‍
40. മാങ്ങാ അച്ചാര്‍
41. നാരങ്ങാ അച്ചാര്‍
42. നെല്ലിക്ക അച്ചാര്‍
43. വെളുത്തുള്ളി അച്ചാര്‍
44. അമ്പഴങ്ങ അച്ചാര്‍
45. ചോറ്
46. പരിപ്പ്
47. നെയ്യ്
48. വെണ്ണ
49. സാമ്പാര്‍
50. പുളിശ്ശേരി
51. മോര്
52. രസം
53. മാമ്പഴപ്പുളിശ്ശേരി
54. പാളത്തൈര്
55. കട്ടത്തൈര്
56. അടപ്രഥമന്‍
57. കടലപ്രഥമന്‍
58.പാല്‍പ്പായസം
59. പഴം പ്രഥമന്‍
60. അരവണപ്പായസം
61. പടച്ചോറ്
62. മധുരമുള്ള പശുവിന്‍പാല്‍
63. ചൂടുവെള്ളം
64. ചുക്കുവെള്ളം.ആചാരംവഴിപാട് നടത്തുന്ന ഭക്തര്‍ ഒന്നോ അതിലധികമോ പള്ളിയോടങ്ങളെ അതതുകരകളിലെത്തി ആചാരപൂര്‍വ്വം വെറ്റില പുകയില നല്‍കി വള്ളസദ്യയില്‍ പങ്കെടുക്കാന്‍ ക്ഷണിക്കും. ക്ഷേത്രത്തില്‍ നിന്ന് പൂജിച്ചുനല്‍കുന്ന മാലയും പ്രസാദവും കരകളില്‍ നല്‍കി പള്ളിയോട കടവില്‍ നിന്ന് യാത്രയാക്കും. പള്ളിയോടങ്ങള്‍ പമ്പയാറ്റിലെ ക്ഷേത്രക്കടവിലെത്തുമ്പോള്‍ താലപ്പൊലി, അഷ്ടമംഗല്യം, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ കരക്കാരെ സ്വീകരിച്ച്കൊടിമരച്ചുവട്ടിലെത്തിച്ച് ഭഗവാനും പള്ളിയോടത്തിനും നിറപറ വഴിപാട് സമര്‍പ്പിക്കും. തുടര്‍ന്ന് ഭഗവല്‍കീര്‍ത്തനം പാടി പ്രദക്ഷിണം വയ്ക്കുന്ന കരക്കാര്‍ വഴിപാടുകാരന്റെ ക്ഷണം സ്വീകരിച്ച് ഊട്ടുപുരയിലെത്തി വള്ളസദ്യയില്‍ പങ്കെടുക്കുമ്പോള്‍ ഭഗവാനും പങ്കുചേരുമെന്നാണ് വിശ്വാസം.വള്ളസദ്യ കഴിച്ച് സംതൃപ്തരായ കരക്കാര്‍ കൊടിമരച്ചുവട്ടിലെ നെല്‍പ്പറ തളിച്ച് വഴിപാടുകാരന് ഭഗവല്‍കടാക്ഷം ഉണ്ടാകാനായി പാടി പ്രാര്‍ഥിക്കുന്നു. പള്ളിയോടത്തിനുള്ള ദക്ഷിണ സ്വീകരിച്ച് അനുഗ്രഹങ്ങള്‍ ചൊരിഞ്ഞ് യാത്രയാകുന്ന കരക്കാരെ ഉപചാരങ്ങളോടെ അനുഗമിച്ച് പള്ളിയോടത്തിലേറ്റി ക്ഷേത്രക്കടവിൽ യാത്രയാക്കുന്നതോടെ  വഴിപാട് സമാപിക്കും.വള്ളസദ്യ വിജയിപ്പിക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും പള്ളിയോട സേവാ സംഘവും ഒരുക്കിയിരിക്കുന്നത്. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് ബി കൃഷ്ണ കുമാർ ഊട്ടുപുരയിൽ ഭദ്രദീപം കൊളുത്തിയതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഇതിനുശേഷം പാചകപ്പുരയിലെ അടുപ്പിലേക്ക് തീ പകർന്നു.ആനക്കൊട്ടിലിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് എ പത്മകുമാർ വള്ളസദ്യ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രസിഡന്‍റ് പി.എൻ നരേന്ദ്രനാഥൻ നായർ സന്നിഹിതനായിരുന്നു.
>

Trending Now