'അണ്ണാൻ കുഞ്ഞും തന്നാലായത്'; ഇതാണ് മനുഷ്യത്വത്തിന്റെ കേരള മോഡൽ

webtech_news18 , News18
പ്രളയ ദുരന്തം തകർത്തെറിഞ്ഞെങ്കിലും മനുഷ്യത്വത്തിന്റെ വലിയ മാതൃകകളാണ് അനുദിനം കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടെ അത്തരം നിരവധി കാഴ്ചകൾക്ക് നമ്മൾ സാക്ഷിയായി.ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ കാര്യത്തിലും ലോകത്തിനു തന്നെ മാതൃകയാവുകയാണ് ചിലർ. അണ്ണാൻ കുഞ്ഞും തന്നാലയ് എന്ന് പറഞ്ഞതു പോലെ, വെള്ളപ്പൊക്കം തകർത്തെറിഞ്ഞ കേരളത്തിന് പകരം പുതിയൊരു കേരളം പടുത്തുയർത്താൻ തങ്ങളെ കൊണ്ട് ആവുന്നത് സംഭാവന ചെയ്യുകയാണ് പലരും.


എന്റെ ഒരു രൂപ കൊണ്ട് എന്ത് കാട്ടാനാ? എന്ന് ചിന്തിച്ച് മാറി നിൽക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വന്ന ചില വ്യത്യസ്ത സംഭാവനകളെ കുറിച്ച് അറിയണം.സൈക്കിൾ വാങ്ങാനായി പിഗ്ഗി ബാങ്കുകളിൽ കഴിഞ്ഞ നാല് വർഷമായി സ്വരുക്കൂട്ടി വച്ചിരുന്ന 9000 രൂപയാണ് പ്രളയം തകർത്ത കേരളത്തെ സഹായിക്കാൻ അനുപ്രിയ എന്ന കുഞ്ഞു തമിഴ്നാട്ടുകാരി നൽകിയത്. അനുപ്രിയയ്ക്കു പുറമെ നിരവധി തമിഴ് മക്കളാണ് ചില്ലറകളും ബിസ്കറ്റും പിഗ്ഗി ബാങ്കുകളും കേരളത്തിനായി നീട്ടിയത്.വിൽക്കാനായി കൊണ്ടുവന്ന 50 കമ്പിളിപ്പുതപ്പുകളാണ് പ്രളയത്തിൽ ദുരിതമനുഭവിച്ച് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കായി മധ്യപ്രദേശ് സ്വദേശിയായ വിഷ്ണു എന്ന കമ്പിളി വിൽപ്പനക്കാരൻ സംഭാവന ചെയ്തത്. കൃഷിക്കാരനായ അച്ഛൻ തങ്ങൾക്കായി കരുതി വെച്ച ഒരേക്കർ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് കണ്ണൂരിലെ വിദ്യാർഥികളായ സ്വാഹയും അനുജൻ ബ്രഹ്മയും.ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ ഒന്നുമില്ലാത്ത അവസ്ഥയിലും കമ്മലൂരി ദുരിതാശ്വാസ നിധിയിലേക്കു നൽകിയ വീട്ടമ്മ, കൈയ്യിലുള്ള നോട്ടു മുഴുവൻ ഏൽപ്പിച്ച് ക്യാമ്പുകളിൽ നാപ്കിനും ബ്രാകളും വാങ്ങി നൽകാനായി തന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്ന വയോധിക, തന്റെ തോട്ടത്തിലെ പച്ചക്കറി മുഴുവൻ ക്യാമ്പിലെത്തിച്ച മറ്റാരു മുതിർന്ന സ്ത്രീ, പച്ചക്കറികളും ഭക്ഷ്യ സാമഗ്രികളുമായി എത്തിയ ചെങ്ങറയിലെ മനുഷ്യർ, മുഴുവൻ സ്വർണ്ണവും പണയപ്പെടുത്തി കിട്ടിയതെല്ലാം ദുരിതാശ്വാസത്തിന് നൽകിയ തൊഴിലാളി സ്ത്രീകൾ ഇങ്ങനെ എത്രയെത്ര വ്യത്യസ്തമായ സംഭാവനകൾ.കൊടുക്കുന്ന പണത്തിന്റെയോ സാധനത്തിന്റെയോ വലിപ്പമല്ല, പകരം അത് കൊടുക്കാൻ കാണിക്കുന്ന മനസിന്റെ വലിപ്പമാണ് പ്രധാനം എന്നാണ് ഇവരോരോരുത്തരും ഓർമിപ്പിക്കുന്നത്. 
>

Trending Now