മുലയൂട്ടൽ; കുഞ്ഞിന് മാത്രമല്ല അമ്മയ്ക്കും ഗുണം

webtech_news18 , News18
ഈ വർഷം ഓഗസ്റ്റ് ഒന്നു മുതൽ ഏഴ് വരെ ലോക മുലയൂട്ടൽ വാരമായി ആഘോഷിക്കുകയാണ്. ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി എല്ലാ വർഷവും മുലയൂട്ടലിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ആഘോഷം നടത്താറുണ്ട്. മുലയൂട്ടുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് മാത്രമല്ല അമ്മയ്ക്കും ഗുണം ചെയ്യുമെന്നാണ് ലോകാരോഗ്യ സംഘന പറയുന്നത്.കുഞ്ഞുങ്ങൾക്ക്, പ്രത്യേകിച്ച് നവജാത ശിശുക്കൾക്കുള്ള മാതൃകാ ഭക്ഷണമാണ് മുലപ്പാൽ. കുഞ്ഞുങ്ങളുടെ ആരോഗ്യപരമായ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും മുലപ്പാലിലൂടെ കുഞ്ഞിന് ലഭിക്കുന്നു. പ്രത്യേകിച്ച് ശിശുമരണങ്ങൾക്ക് കാരണമായ ന്യൂമോണിയ, ഡയേറിയ എന്നീ കുട്ടിക്കാല രോഗങ്ങളെ ചെറുക്കുന്നതിന് ആവശ്യമായ ആന്റിബഡീസ് മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.


2007-2014 കാലഘട്ടത്തിൽ ലോകത്താകമാനം ആറ് മാസം വരെ പ്രായമുള്ള 36 ശതമാനം കുഞ്ഞുങ്ങൾക്ക് മാത്രമാണ് മുലയൂട്ടിയിരിക്കുന്നതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടണം. മിനിമം ആറ് മാസം വരെയെങ്കിലും കുഞ്ഞിന് മുലപ്പാൽ നൽകണം.കുഞ്ഞ് മുലപ്പാൽ കുടിക്കുന്നതും അമ്മയും കുഞ്ഞും തമ്മിലുള്ള സ്കിൻ- ടു - സ്കിൻ കോണ്ടാക്ടും മുലപ്പാലിന്റെ ഉദ്പാപദനം വർധിപ്പിക്കുന്നു. പ്രത്യേകിച്ച് കുഞ്ഞിന്റെ ആദ്യ വാക്സിൻ എന്നറിയപ്പെടുന്ന കൊളസ്ട്രത്തിന്റെ ഉദ്പാദനം. നിരവധി ആന്റിബഡികളും പോഷകങ്ങളും അടങ്ങിയതാണ് കൊളസ്ട്രം.ആറ് മാസത്തിന് ശേഷം കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കായി മറ്റ് ഭക്ഷണങ്ങൾക്കൊപ്പം മുലപ്പാലും കൊടുക്കാവുന്നതാണ്. ഏതാണ്ട് രണ്ട് വയസുവരെ മുലപ്പാൽ കൊടുക്കുന്നതും നല്ലതാണ്.കുഞ്ഞുങ്ങളുടെ ഊർജത്തിന്റെ പ്രധാന സ്രോതസാണ് മുലപ്പാൽ. പിന്നീടുള്ള ജീവിതത്തിലും മുലപ്പാലിന്റെ ഗുണം പ്രതിഫലിക്കുന്നു. മുലപ്പാൽ കുടിക്കാത്ത കുട്ടികൾ വളരുമ്പോൾ അമിത ഭാരം, ടൈപ്പ് 2 ഡയബറ്റീസ് എന്നിവ നേരിടുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.മുലയൂട്ടുന്നതു കൊണ്ട് അമ്മമാർക്കും ആരോഗ്യഗുണങ്ങൾ ഏറെയാണ്. സ്തനാർബുദത്തിനും അണ്ഡാശയ കാൻസറിനുമുള്ള സാധ്യത മുലയൂട്ടുന്നതു കൊണ്ട് കുറയുന്നു. കൂടാതെ ടൈപ്പ് 2 ഡയബറ്റീസ്, വിഷാദം എന്നിവയ്ക്കുള്ള സാധ്യതയും കുറയുന്നു. ഇതിനു പുറമെ ബെർത്ത് കൺട്രോളിനും ഇത് സഹായിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
>

Trending Now