പകർച്ചാ വ്യാധികൾ മാത്രമല്ല, ഈ രോഗങ്ങളും ഭീഷണിയാണ്

webtech_news18 , News18
ഡോ. ബി. ഇക് ബാൽവെള്ളപ്പൊക്ക കെടുതികൾക്ക് ശേഷം ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നവർ തങ്ങളുടെ വീടുകളിലേക്ക് തിരികെ എത്തികൊണ്ടിരിക്കയാണ്. വെള്ളപ്പൊക്കാനന്തരം സംഭവിക്കാനിടയുള്ള പകർച്ച വ്യാധി വ്യാപന സാധ്യതകൾ കണക്കിലെടുത്തുകൊണ്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് തയ്യാറാക്കി നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. വയറിളക്കം , കോളറാ, മഞ്ഞപ്പിത്തം, എലിപ്പനി തുടങ്ങി മലിന ജലത്തിലൂടെ പകരുന്ന രോഗങ്ങളും കൊതുകുകൾ പരത്തുന്ന ഡങ്കി, മലേറിയ തുടങ്ങിയ രോഗങ്ങളും പടർന്ന് പിടിക്കാതിരിക്കുന്നതിനുള്ള കരുതൽ നടപടികൾ തദ്ദേശസ്വയം ഭരണവകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഊർജ്ജിതമായി ആരംഭിച്ചിരിക്കുകയാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വം പരിപാലിക്കുന്നതിനാണ് ഈ ഘട്ടത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത്.


എന്നാൽ പകർച്ചാ വ്യാധികളെ മാത്രമല്ല പേടിക്കേണ്ടത്. പകർച്ചേതര രോഗങ്ങളുടെ തുടർ ചികിത്സ ഉറപ്പു വരുത്തുന്നതിൽ കൂടി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. കേരളത്തിൽ ഇരുപത് ശതമാനത്തിലേറെയാളുകളെ പ്രമേഹവും മൂന്നിലൊരാളെ രക്തസമ്മർദ്ദവും ബാധിക്കുന്നുണ്ട്. അത് പോലെ ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, കാൻസർ തുടങ്ങി മറ്റ് പകർച്ചേതര രോഗം ബാധിച്ചവരും ധാരാളമായിട്ടുണ്ട്. ഇവരെല്ലാം സ്ഥിരമായി മരുന്ന് കഴിക്കേണ്ടവരും ആഹാര ക്രമീകരണം വ്യായാമം തുടങ്ങിയവ നടത്തേണ്ടവരുമാണ്. ഇടക്കിടെ വൈദ്യ പരിശോധനയും നടത്തേണ്ടതുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇങ്ങനെ പകർച്ചേതര രോഗം ബാധിച്ച അനേകം പേരുണ്ട്. ഇവരിൽ മിക്കവരുടെ കാര്യത്തിലും മരുന്ന് കഴിക്കുന്നത് മുടങ്ങികാണും എന്ന് ഉറപ്പാണ്. ഇവരിൽ പലരുടെയും വൈദ്യ രേഖകൾ നഷ്ടപ്പെട്ട് കാണാനുമിടയുണ്ട്.ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാവർക്കും വൈദ്യ സഹായം ഉറപ്പു വരുത്തുക എളുപ്പമല്ല. മരുന്ന് മുടങ്ങിയതിന്റെ ഫലമായും ആഹാരം, വ്യായമം തുടങ്ങിയവയിൽ ശ്രദ്ധ പാലിക്കാനുള്ള സാഹചര്യം ദുരിതാശ്വാസ ക്യാമ്പുകളിൽ ഇല്ലാത്തത് മൂലവും ഇവരിൽ പലരുടെയും രോഗം വർധിച്ചിരിക്കാനിടയുണ്ട്. മാത്രമല്ല പനി തുടങ്ങിയ പകർച്ച വ്യാധികൾ കൂടി ഇവരെ ബാധിച്ചാൽ ഇപ്പോൾ തന്നെ ബാധിച്ചിട്ടുള്ള രോഗം മൂർച്ഛിക്കാനിടയുണ്ട്. പനിയും മറ്റും ബാധിക്കുമ്പോൾ പ്രമേഹത്തിന് മറ്റും നൽകുന്ന ഇൻസുലിന്റെയും മറ്റും ഡോസ് വർധിപ്പിക്കേണ്ടതായും വരും. നിലവിലെ സാഹചര്യത്തിൽ ഇതൊല്ലാം ശ്രദ്ധിക്കപ്പെടാതിരിക്കാനുള്ള സാധ്യതയുണ്ട്.അച്യുതമേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസിന്റെ ആഭിമുഖ്യത്തിൽ സമീപകാലത്ത് നടത്തിയ പഠനത്തിൽ രക്താതിസമർദ്ദമുള്ളവരിൽ 13 ശതമാനം പേർക്കും പ്രമേഹമുള്ളവരിൽ 16 ശതമാനം പേർക്കും മാത്രമാണ് യഥാക്രമം രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ നിലയും നിയന്ത്രിതമായ അളവിൽ കുറച്ച് കൊണ്ടുവരാൻ കഴിഞ്ഞിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.അങ്ങിനെയിരിക്കെ പ്രളയാനന്തരം രോഗം നിയന്ത്രിക്കപ്പെട്ടവരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യതയെന്നാണ് കണക്കിലെടുക്കേണ്ടത്. ഇതെല്ലാം കണക്കിലെടുത്ത് പകർച്ചേതര രോഗം ബാധിച്ചവർക്ക് വേണ്ട പ്രത്യേക രക്ഷാ ചികിത്സാ മാനദണ്ഡങ്ങൾ (Rescue Protocols) ആവിഷ്കരിക്കേണ്ടതുണ്ട്. അതിലേക്കുള്ള നിർദ്ദേശങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദർ ആരോഗ്യ വകുപ്പുമായി ചർച്ചചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളിലുള്ള പകർച്ചേതര രോഗികളുടെ കണക്കെടുത്തും മറ്റും നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്.
>

Trending Now