ചായ കുടിച്ചാൽ ഹൃദയം സംരക്ഷിക്കാം

webtech_news18 , News18 India
ചായ കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനങ്ങൾ. ശരീരത്തിലെ ലിപോപ്രോട്ടീനെന്ന നല്ല കൊളസ്ട്രോൾ നശിക്കുന്നത് ചായ കുടിക്കുന്നതിലൂടെ തടയാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പെന്‍സിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, ടഫ്റ്റ്സ് യൂണിവേഴ്സിറ്റി, അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കെന്റക്കി എന്നിവ ചൈനയിലെ കൈല്യുന്‍ ആശുപത്രിയിലെ സംഘത്തോടൊപ്പം ചേർന്നാണ് പഠനം നടത്തിയിരിക്കുന്നത്. 18നും 98നും ഇടയിൽ പ്രായമുള്ള 80,182 പേരിലാണ് പഠനം നടത്തിയിരിക്കുന്നത്.


പഠനത്തിന്റെ ഭാഗമായവരിലെ ചായ ഉപഭോഗത്തെ കുറിച്ച് ചോദ്യാവലിയിലൂടെയാണ് വിലയിരുത്തിയത്. ഹൈഡെൻസിറ്റി ലിപോപ്രോട്ടീൻ കൊളസ്ട്രോൾ പരിശോധിക്കുകയും ചെയ്തു. പഠനത്തിന്റെ ഭാഗമായവരിൽ ഹൃദ്രോഗം, കാൻസർ എന്നിവയ്ക്ക് സാധ്യത ഇല്ലെന്ന് കണ്ടെത്തി. ആരും തന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ മറ്റ് സംവിധാനങ്ങൾ ഒന്നും തന്നെ ഉപയോഗിക്കുന്നില്ലെന്നും കണ്ടെത്തി.പ്രായമാകുമ്പോൾ ഉണ്ടാകാറുള്ള എച്ച് ഡിഎൽ-സി കുറയുന്ന അവസ്ഥ തുടർച്ചയായി ചായകുടിക്കുന്നവരിൽ കുറവാണെന്നും പഠനം കണ്ടെത്തി. ഇത് ഹൃദ്രോഗങ്ങളുടെ സാധ്യത 8 ശതമാനമായി കുറയ്ക്കുന്നുവെന്നും ഗവേഷകർ പറയുന്നു.എല്ലാത്തരം ചായയ്ക്കും ഈ നേട്ടം ഉണ്ട്. എന്നാൽ ബ്ലാക്ക് ടീയെക്കാൾ ഗ്രീൻ ടീക്ക് നേട്ടം കുറച്ച് കൂടുതലാണെന്നും കണ്ടെത്തിയിരിക്കുന്നു. അതേസമയം പുതിയ കണ്ടെത്തലുകൾ ഉറപ്പിക്കാൻ കൂടുതൽ പേരിൽ പരിശോധന ആവശ്യമാണെന്ന് ഗവേഷകർ പറയുന്നു.അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിലാണ് ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
>

Trending Now