പന്തിരിക്കരയിലെ പനിമരണം; സത്യാവസ്ഥ ബോധ്യപ്പെടുത്തി കുഞ്ഞ്യേതിന്റെ ഫേസ്ബുക്ക് ലൈവ്

webtech_news18
കോഴിക്കോട്: പേരാമ്പ്രയ്ക്കു സമീപമുള്ള പന്തിരിക്കര മേഖലയില്‍ പകര്‍ച്ചപ്പനി ബാധിച്ച് മൂന്നു പേര്‍ മരിച്ചതിനു പിന്നാലെ ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ പ്രചരിക്കുന്ന കഥകളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തി കുഞ്ഞ്യേതിന്റെ ഫേസ്ബുക്ക് ലൈവ്. പേരാമ്പ്രയിലെ ചെറുചലനങ്ങള്‍ പോലും സമൂഹമാധ്യമങ്ങളില്‍ ലൈവായി എത്തിക്കുന്നയാളാണ് കുഞ്ഞ്യേത്.പന്തിരിക്കര മൂന്നു പനിമരണങ്ങളെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞതോടെയാണ് സത്യാവസ്ഥ തേടി കുഞ്ഞ്യേത് പേരാമ്പ്രയില്‍ നിന്ന് പന്തിരിക്കരയിലെത്തിയത്. മരണങ്ങളെ തുടര്‍ന്ന് പന്തിരിക്കരയില്‍ ഭീതിജനകമായ സ്ഥിതിവിശേഷം നിലനില്‍ക്കുന്നെന്ന വാര്‍ത്തയാണ് പുറത്തു പ്രചരിക്കുന്നത്. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ വീടുപേക്ഷിച്ചു പോയെന്നു വരെ ചില പ്രചരിപ്പിച്ചു. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ് കുഞ്ഞ്യേത്.


എല്ലാം ഗ്രാമങ്ങളിലും വാര്‍ത്തകളുടെ പ്രഭവ കേന്ദ്രം ബസ് സ്റ്റോപ്പുകളും മുറുക്കാന്‍ കടകളും ബാര്‍ബര്‍ ഷോപ്പുകളുമൊക്കെയാണ്. അതുകൊണ്ടു തന്നെ വാര്‍ത്തയുടെ സത്യാവസ്ഥ തേടി കുഞ്ഞ്യേത് എത്തിയത് പന്തിരിക്കരയിലെ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലാണ്.അവിടെ കൂടിനിന്ന ചെറുപ്പക്കാരോട് തന്റെ സംശയങ്ങള്‍ ചോദിച്ച് വ്യക്തത വരുത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങളാണ് കുഞ്ഞ്യേത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കുളിപ്പിക്കുകയും കബര്‍സ്ഥാനിലേക്ക് എടുത്തുകൊണ്ടു പോകുകയും ചെയ്ത യുവാക്കളാണ് അവിടെ ശരിക്കും നടന്നതെന്തെന്നു വ്യക്തമാക്കുന്നത്. പ്രദേശത്തു നിന്ന് മൂന്നു വീട്ടുകാര്‍ മാത്രമാണ് ഒഴിഞ്ഞു പോയത്. അല്ലാതെ നൂറ് കുടുംബങ്ങളല്ല. പ്രദേശത്ത് ആകെയുള്ളത് നൂറു കുടുംബങ്ങളാണെന്നും ഇവര്‍ പറയുന്നു. മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ ഭീതിതമായ അവസ്ഥയില്ലെന്നും നാട്ടുകാരായ ഈ ചെറുപ്പക്കാന്‍ പറയുന്നു. രോഗാണു എതെന്നു തിരിച്ചറിയുകയും അതിനുള്ള പ്രതിവിധി കണ്ടെത്തുകയുമാണ് ഏക പ്രതിവിധിയെന്നും അല്ലാതെ ഭയപ്പെടുകയല്ല വേണ്ടതെന്നു കുഞ്ഞ്യേത് ലൈവില്‍ വ്യക്തമാക്കുന്നു.
>

Trending Now