നമ്മള്‍ കഴിക്കുന്നത് ഫോര്‍മാലിന്‍ മീനോ? പിടിച്ചെടുത്തത് 6000 കിലോ

webtech_news18
തിരുവനന്തപുരം: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തിയ 6000 കിലോ മത്സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയതായി കണ്ടെത്തി. തിരുവനന്തപുരം അമരവിള ചെക്ക് പോസ്റ്റില്‍ നടത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് മത്സ്യത്തിലെ മാരകമായ ഫോര്‍മാലിന്‍ സാന്നിധ്യം കണ്ടെത്തിയത്.പാലക്കാട് വാളയാറില്‍ നിന്നും പിടിച്ചെടുത്ത 6000 കിലോ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ട് തിരിച്ചയച്ചു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായാണ് പരിശോധന നടന്നത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 63 മില്ലിഗ്രാം ഫോര്‍മാലിന്‍ വരെ കണ്ടെത്തിയിരുന്നു. അമരവിളയില്‍ നിന്നും പിടിച്ചെടുത്ത മത്സ്യം കൂടുതല്‍ പരിശോധനയ്ക്ക് ശേഷം നശിപ്പിച്ച് കളയും.

ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി കെ.കെ ശൈലജ അറിയിച്ചു. മത്സ്യങ്ങള്‍ കേടുകൂടാതെ കൂടുതല്‍ കാലം സൂക്ഷിക്കുന്നതിനായി വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഓപ്പറേഷന്‍ സാഗര്‍റാണി ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.എന്താണ് ഫോര്‍മാലിന്‍?ഫോര്‍മിക് ആസിഡ് ഉപയോഗിച്ച് പ്രത്യേകം തയാറാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. മനുഷ്യ ശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീര ഭാഗങ്ങള്‍ പത്തോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. ഇത്ര അളവാണെങ്കില്‍ പോലും ഇത് കുറേക്കാലം കേടുകൂടാകാതെയിരിക്കും.മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാന്‍ വേണ്ടിയുള്ള മൃതദേഹം സൂക്ഷിക്കുന്നത് ഫോര്‍മാലിന്‍ ലായനിയിലാണ്. ഈ ലായനിയില്‍ ആറുമാസത്തില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കേടുകൂടാകാതെ സൂക്ഷിക്കാന്‍ കഴിയും. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്.കഴിക്കുന്ന മീനിനൊപ്പം ഫോര്‍മാലിന്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. കെ. ശശികല പറഞ്ഞു.ഫോര്‍മാലിന്‍ കഴിക്കാന്‍ പാടില്ല. അത് ചെറിയ അളവിലാണെങ്കില്‍ കൂടി ശരീരത്തിനുള്ളിലെത്തിയാല്‍ വിഷമായി പ്രവര്‍ത്തിക്കും. തുടര്‍ച്ചയായി ഇത്തരത്തില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഉള്ളില്‍ ചെന്നാല്‍ പലതരം അവയവങ്ങളേയും ബാധിക്കുമെന്നും ക്യാന്‍സര്‍ പോലെയുള്ള മാരകമായ അസുഖങ്ങള്‍ ഉണ്ടാക്കുമെന്നും ഡോ. കെ. ശശികല പറഞ്ഞു. 
>

Trending Now