ഗർഭിണികളിൽ ഹൃദയാഘാതം വർധിക്കുന്നു

webtech_news18 , News18 India
ഗർഭിണികളിൽ ഹൃദയാഘാതം വർധിക്കുന്നതായി പഠനങ്ങൾ. ഗർഭിണിയായിരിക്കുമ്പോഴും പ്രസവ സമയത്തും പ്രസവത്തിന് ശേഷം രണ്ട് മാസത്തിനിടയ്ക്കും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് അമേരിക്കയിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമാക്കുന്നത്.മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ജീവിതത്തിൽ വൈകി കുട്ടികൾ ഉണ്ടാകുന്നതാണ് ഗർഭിണികളിൽ ഹൃദയാഘാതം വർധിക്കാൻ കാരണമെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് ഹൃദയാഘാത സാധ്യത കൂടുതലാണെന്നും പ്രത്യേകിച്ച് ഗർഭിണികളിൽ ഇത് കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.


ഗർഭകാലത്തെ സമ്മര്‍ദം എങ്ങനെ സ്ത്രീകളുടെ ശരീരത്തിലും ഹൃദയത്തിലും  മാറ്റങ്ങൾക്ക് കാരണമാകുന്നു, ഹൃദയാഘാതത്തിന് കാരണമായേക്കാവുന്ന ഘടകങ്ങൾ എന്തൊക്കെയാണ് എന്നിവയെ കുറിച്ചാണ് പഠനം നടത്തിയതെന്ന് ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാൻഗോൺ ഹെൽത്തിലെ ശ്രീപാൽ ബാംഗളൂർ പറയുന്നു.അമിതവണ്ണവും പ്രമേഹവും സ്ത്രീകളിൽ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. പഠനത്തിന്റെ ഭാഗമായി വിവിധ ആശുപത്രികളിൽ റെക്കോർഡ് ചെയ്ത 49,829,753 പ്രസവം നിരീക്ഷിച്ചു. ഇതിൽ കൂടുതൽ പ്രസവവും നടന്നത് അമേരിക്കയിലാണ്. പ്രസവ സമയത്ത് 1061 ഹൃദയാഘാതങ്ങൾ സംഭവിച്ചതായും പഠനത്തിൽ പറയുന്നു.922 സ്ത്രീകളെ പ്രസവത്തിന് മുമ്പ് തന്നെ മയോകാർഡിയൽ ഇൻഫ്രാക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും പ്രസവത്തിന് ശേഷം 2,390 പേർക്ക് ഹൃദയാഘാതം റിപ്പോർട്ട് ചെയ്തതായും ഗവേഷകർ വ്യക്തമാക്കുന്നു.ഗർഭകാലത്തെ ഹൃദയാഘാതത്തെ കുറിച്ച് മനസിലാക്കുന്നതിനാണ് പഠനം പ്രാധാന്യം നൽകുന്നതെന്ന് പഠനത്തിന് നേതൃത്വം നൽകിയ നതനിയേൽ സ്മിലോവിറ്റ്സ് പറയുന്നു. ഇത്തരം രോഗികൾക്ക് ഡോക്ടർമാർ നിര്‍ദേശിക്കുന്ന വ്യായാമങ്ങൾ ഉണ്ടാകണമെന്നും ഇതിലൂടെ അപകട സാധ്യത കുറയ്ക്കാമെന്നും അദ്ദേഹം പറയുന്നു.
>

Trending Now