കേരളത്തില്‍ നിപാ വൈറസ് പടര്‍ന്നത് വവ്വാലുകളില്‍ നിന്ന് ? ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വിദഗ്ധര്‍

webtech_news18 , News18 India
കോഴിക്കോട് നിപാ വൈറസ് ബാധിച്ച് മൂന്ന് പേര്‍ മരിച്ചവീട്ടിലെ കിണറ്റിനുള്ളില്‍ വവ്വാലുകളെ കണ്ടെന്നും അവയില്‍ നിന്നാവാം രോഗബാധ പടര്‍ന്നതെന്നും സംശയം ഉയര്‍ന്നിരുന്നു. ആ സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങളുമായെത്തിയിരിക്കുകയാണ് ഡോ ജിനേഷ്. സോഷ്യല്‍ മീഡിയയിലെ ആരോഗ്യവാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഇന്‍ഫോ ക്ലിനിക് എന്ന പേജിന്റെ സഹസ്ഥാപകനാണ് ഡോ ജിനേഷ്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :


കിണറ്റിനുള്ളില്‍ വവ്വാലുകളെ കണ്ടെന്നും അവിടെനിന്നും പകര്‍ന്നതാവാം നിപ്പാ വൈറസ് അണുബാധ എന്നും വാര്‍ത്ത.അങ്ങനെയെങ്കില്‍,1. കിണറ്റില്‍ നിന്നും പിടിക്കുന്ന വവ്വാലുകളില്‍ നിപ്പാ വൈറസ് ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കണം. വവ്വാലുകളില്‍ ഗവേഷണം നടത്തുന്നവര്‍ അതിനായി ശ്രമിക്കുന്നു.2. കേരളത്തിലാകെ ആറുതരത്തിലുള്ള ഫ്രൂട്ട് വവ്വാലുകള്‍ (അതായത് വലിയ വവ്വാലുകള്‍) ആണുള്ളത്. അതില്‍ മൂന്ന് സ്പീഷീസ് വനമേഖലയില്‍ മാത്രം കാണുന്നവയാണ് എന്നാണ് അറിവ്.3. നാട്ടു പ്രദേശത്ത് കാണുന്ന മൂന്നുതരം തരം വവ്വാലുകളും ഒരു ദിവസം പരമാവധി സഞ്ചരിക്കുന്ന ദൂരം 25 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ എന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ പറഞ്ഞത്. സാമൂഹ്യമായി ഒരുമിച്ച് ജീവിക്കുന്നവരാണ് വവ്വാലുകള്‍. അതുകൊണ്ട് സാധാരണയായി ഇവര്‍ സ്വന്തം സ്ഥലം വിട്ട് പോകാറില്ല.4. ഫ്രൂട്ട് വവ്വാലുകള്‍ ഒഴുകെയുള്ളവ പ്രാണികളെ ആഹരിക്കുന്നവയാണ്. അതായത് ചെറിയ വവ്വാലുകള്‍. അവ ഒരു ദിവസം പത്തു കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാറില്ല.(വവ്വാലുകളെ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ.)5. വവ്വാലുകളില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായിരിക്കുന്നതെങ്കില്‍, നിലവില്‍ അസുഖബാധ ഉണ്ടായിരിക്കുന്നതിന്റെ ഏകദേശം 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കണം.6. അവിടെ പനിബാധിച്ചവരും അവരുടെ സഹായികളും യാത്ര ഒഴിവാക്കുന്നത് നന്നാവും. മറ്റൊരാളിലേക്ക് പനി പകരാതിരിക്കാന്‍ ഇത് ഉപകരിക്കും.7. വൈറസ് ശരീരത്തില്‍ കയറിയ ശേഷം രോഗലക്ഷണങ്ങള്‍ ആരംഭിക്കാന്‍ നാലു മുതല്‍ 15 ദിവസം വരെ എടുക്കാം. അതുകൊണ്ട് ഇനിയുള്ള കുറച്ചു നാളുകള്‍ കൂടി അതീവജാഗ്രത പുലര്‍ത്തണം.8. അതായത് വവ്വാലുകളോ പക്ഷിമൃഗാദികളോ ഭാഗികമായി ആഹരിച്ച ഫലങ്ങള്‍ ഭക്ഷിക്കാതിരിക്കുക. വവ്വാലുകളുടെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള തുറന്ന കലത്തില്‍ ശേഖരിക്കുന്ന കള്ള് പോലുള്ള പാനീയങ്ങള്‍ ഒഴിവാക്കുക.9. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. കിണര്‍ ശുചിയാക്കി സൂക്ഷിക്കുക.10. പനിബാധിച്ചവര്‍ സ്വയം ചികിത്സ ഒഴിവാക്കുക. ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന ഡോക്ടര്‍മാരെ നേരില്‍ കാണുക. വാട്ട്‌സ്ആപ്പിലൂടെ പ്രചരിക്കുന്ന മണ്ടത്തരങ്ങള്‍ക്ക് തല വയ്ക്കാതിരിക്കുക.11. പനിബാധിതരെ പരിചരിക്കുന്നവര്‍ വ്യക്തിഗതമായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുക. സോപ്പുപയോഗിച്ച് നന്നായി കഴുകുക.12. ആരോഗ്യപ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിക്കണം, വ്യക്തിപരമായ സുരക്ഷാമാര്‍ഗങ്ങള്‍ ഉറപ്പാക്കണം.13. വളര്‍ത്തുമൃഗങ്ങളില്‍ കൂട്ടത്തോടെ എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ മൃഗസംരക്ഷണ വകുപ്പിനെയോ അടുത്തുള്ള മൃഗഡോക്ടറെയോ എത്രയും പെട്ടെന്ന് അറിയിക്കുക.14. പരിഭ്രാന്തരാവുകയല്ല വേണ്ടത്. ചിട്ടയായ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് വേണ്ടത്.15. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായും വ്യക്തമായും പാലിക്കുക.

>

Trending Now