ഒന്നു ശ്രദ്ധിക്കൂ....പകർച്ചാവ്യാധികളെ ഭയക്കേണ്ടതില്ല

webtech_news18 , News18
ഡോ. ബി. ഇക് ബാൽകേരളം ഇതിനുമുൻപ് നേരിടാത്ത വെള്ളപ്പൊക്കവും തുടർന്നുണ്ടായികൊണ്ടിരിക്കുന്ന വിവരിക്കാനാവാത്ത ദുരിതങ്ങളും നിയന്ത്രണ വിധേയമായിക്കഴിഞ്ഞാലും ഗുരുതരങ്ങളായ ഒട്ടനവധി പ്രശ്നങ്ങൾ കാത്ത് നിൽ‌പ്പുണ്ടാ‍വും ഇവയിൽ പ്രധാനം പകർച്ചവ്യാധികളുടെ വ്യാപനമാണ്. മുൻകൂട്ടി കണ്ട് കരുതൽ നടപടികൾ സ്വീകരിക്കുകയും രോഗബാധിതരെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കയും ചെയ്തില്ലെങ്കിൽ വെള്ളപ്പൊക്ക കാലത്തേക്കാൾ കൂടുതൽ ജീവൻ നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.


ലോകാരോഗ്യ സംഘടന വെള്ളപ്പൊക്കത്തെ തുടർന്നുണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെയും അവയുടെ നിയന്ത്രണ മാർഗ്ഗങ്ങളെയും സംബന്ധിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ള വസ്തുത രേഖ (Flooding and communicable diseases fact sheet) ആരോഗ്യ പ്രവർത്തകരെല്ലാം പഠിച്ചിരിക്കേണ്ടതാണ്. വെള്ളത്തിലൂടെയും പ്രാണികളിലൂടെയും മൃഗങ്ങളിലൂടെയും നിരവധി രോഗങ്ങൾ വ്യാപിക്കാനിടയുണ്ട് ടൈഫോയ് ഡ്, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), കോളറ, എലിപ്പനി, ഡങ്കിപ്പനി, ചിക്കുൻ ഗുനിയ, മലേറിയ, വെസ്റ്റ് നൈൽ പനി എന്നീ രോഗങ്ങളുടെ വ്യാപനത്തെയാണ് പ്രധാനമായും ഭയപ്പെടേണ്ടത്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഇത്തരം രോഗത്തെ ഇല്ലാതാക്കാൻ കഴിയും.പരിസരം വൃത്തിയാക്കൽദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരും മറ്റ് വീടുകളിൽ താമസിച്ച് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുന്നവരും ശുചിത്വപരിപാലനത്തിന് അങ്ങേയറ്റം പ്രാധാന്യം നൽകാൻ ശ്രമിക്കണം. വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണു വിമുക്തം ആക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന്‍ ആണ്. പരിസരം വൃത്തി ആക്കാന്‍ പലരും ബ്ലീച്ചിംഗ് പൗഡര്‍ വിതറുന്നത് കാണാം. ഇത് കൊണ്ട് പരിസരം അണു വിമുക്തം ആക്കാൻ സാധിക്കില്ല. 1% ക്ലോറിൻ ലായനി തയ്യാറാക്കി ഉപയോഗിക്കയാണ് വേണ്ടത്. ഇതിലേക്കായി 6 ടീ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്കു 1 ലിറ്റർ വെള്ളം ചേർത്ത് കലക്കി 10 മിനിറ്റ് വച്ച ശേഷം അത് തെളിച്ചെടുത്ത് വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്ന കണക്കിൽ ലായനി തയ്യാറാക്കാം. നിലം തുടച്ച ശേഷംവും വീട്ടു പരിസരത്ത് ക്ലോറിന്‍ ലായനി ഒഴിച്ച ശേഷവും ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാൽ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ. അതിനാല്‍ അത്രയും സമയം വരെ തറ തുടക്കുവാനോ വെള്ളം ഒഴിക്കുവാണോ പാടില്ല. . അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്റെ മണം മാറ്റാം.കുടിവെള്ളംതുറസ്സായ ഇടങ്ങളിൽ ജലസ്രോതസ്സുകൾക്കു സമീപം പ്രത്യേകിച്ചും കിണറുകളുടെ സമീപ പ്രദേശങ്ങളിൽ മലമൂത്ര വിസർജ്ജനം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. തെളിഞ്ഞിരിക്കുന്നു എന്നത് കൊണ്ട് മാത്രം എല്ലാ വെള്ളവും സുരക്ഷിതമല്ല . വെള്ളത്തിൽ രോഗകാരികളായേക്കാവുന്ന ബാക്ടീരിയ , വൈറസ് തുടങ്ങിയ സൂക്ഷ്മ ജീവികളും കൊതുകുകൾ, വിരകൾ , അട്ടകൾ തുടങ്ങിയവയുടെ മുട്ടകളും ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ കുടിക്കുവാനുള്ള വെള്ളം തിളപ്പിച്ച ശേഷം ചൂടാറ്റി ഉപയോഗിക്കുക. .തിളച്ചാൽ മതിയാവും കൂടുതൽ സമയം തിളപ്പിക്കേണ്ടതില്ല. ഒരു കാരണവശാലും തിളപ്പിച്ച വെള്ളത്തിലേക്ക് പച്ചവെള്ളം ചേർത്ത് ഉപയോഗിക്കരുത്. കൂടുതൽ സമയം കരുതിയിട്ടുള്ള വെള്ളവും, പൊതു വിതരണം നടത്തുന്ന വെള്ളവും കിണറ്റിലെ വെള്ളവും ക്ലോറിനേറ്റ് ചെയ്ത് മാത്രം ഉപയോഗിക്കുക..കിണർ ക്ലോറിനേഷൻകിണറുകൾ നിർബ്ന്ധമായും ക്ലോറിനേറ്റ് ചെയ്തിരിക്കണം. 9 അടി വ്യാസമുള്ള കിണറിന് ഒരുകോൽ വെള്ളത്തിലേക്ക് ( ഒരു പടവ് / പാമ്പിരി ) ഏകദേശം അര ടേമ്പിൾസ്പൂൺ ബ്ലീച്ചിങ്ങ് പൗഡർ മതിയാകും. വലിപ്പം കൂടിയ കിണറുകൾക്ക് ഇതനുസരിച്ച് കൂടുതൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിക്കുക. ആദ്യ തവണ സൂപ്പർ ക്ലോറിനേഷൻ ചെയ്യുകയായിരിക്കും ഉത്തമം. അതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഏറെക്കുറെ ഇരട്ടിയാക്കുക .ആവശ്യത്തിനുള്ള ബ്ലീച്ചിങ്ങ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെളളം ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക . അതിനു ശേഷം ഒരഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക . പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് കിണർ വെള്ളം നന്നായി ഇളക്കുക. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം. കിണറിലെ വെള്ളത്തിന് ക്ലോറിന്റെ നേരിയ ഗന്ധം വേണം അതാണ് ശരിയായ അളവ് . ഒട്ടും ഗന്ധം ഇല്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിംഗ് പൗഡർ ഒഴിക്കുക . ജലസ്രോതസ്സിൽ നിന്നും ബ്ലീച്ചിംഗ് പൗഡറിന്റെ ഗന്ധം ഇല്ലാതായാൽ ഉടനെ ക്ലോറിനേഷൻ ചെയ്യുന്നതാണ് ഉത്തമം. എലിപ്പനിയെ സൂക്ഷിക്കുകമഴക്കാലത്തും തുടർന്നുമുണ്ടാകുന്ന മാരകമായ പകർച്ചവ്യാധികളിലൊന്നാണ് എലിപ്പനി. ലെപ്ടോസ്പൈറ (Leptospira) ജനുസ്സിൽപ്പെട്ട ഒരിനം സ്പൈറോകീറ്റ (Spirocheta), മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് (Zoonosis) 'എലിപ്പനി'. പ്രധാന രോഗവാഹകർ എലി, കന്നുകാലികൾ, നായ , പന്നി, കുറുക്കൻ , ചിലയിനം പക്ഷികൾ എന്നിവയാണ്. എലികളുടെ മൂത്രത്തിലൂടെയാണ് എലിപ്പനി പ്രധാനമായും വ്യാപിക്കുന്നത്.രോഗാണു വാഹകരായ ജന്തുക്കളുടെ മൂത്രം കലർന്ന ജലാശയങ്ങളിൽ , ലെപ്ടോസ്പൈറ അനേക നാൾ ജീവിച്ചിരിക്കും. നല്ല സൂര്യ പ്രകാശവും ഒഴുക്കും ഉള്ള സാഹചര്യങ്ങളിൽ ഇവ സ്വയം നശിപ്പിക്കപ്പെടും. എലികൾ വരാറുള്ള സന്ദർശിക്കാറുള്ള ജലാശയങ്ങൾ ,ഓടകൾ, കുളങ്ങൾ, കൃഷിയിടങ്ങൾ, പാടങ്ങൾ എന്നിവയിൽ വേണ്ടത്ര മുൻ കരുതലുകൾ ഇല്ലാതെ ഇറങ്ങുകയോ, ജോലി ചെയ്യുകയോ , കുളിക്കുകയോ ചെയ്യുന്നതിലുടെ രോഗാണു മനുഷ്യ ശരീരത്തിൽ എത്തുന്നു . കൈകാലുകളിൽ ഉണ്ടാകുന്ന പോറലുകൾ, മുറിവുകൾ എന്നിവയിലൂടെ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. കണ്ണിലുള്ള പോറലുകളിൽക്കൂടിപ്പോലും മുഖം കഴുകുമ്പോൾ രോഗബാധ ഉണ്ടാകാം എലി മൂത്രം മൂലം മലിനമായ ചെളിയിലും, തോടുകളിലും, ഓടകളിലെ വെള്ളത്തിലും കളിക്കുമ്പോൾ രോഗബാധ ഉണ്ടാകാൻ സാധ്യത ഉണ്ട്. പറമ്പിൽ പണിയെടുക്കുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത കൂടുതലാണ്.ലെപ്ടോസ്പൈറ ശരീരത്തിൽ കടന്നുകൂടുന്നതു മുതൽ രോഗം പ്രത്യക്ഷമാകുന്നതിനുള്ള ഇടവേള (incubation period ) സാധാരണ 10 ദിവസമാണ്. ഇത് 4 മുതൽ 20 ദിവസം വരെ ആകാം. രോഗാണു രക്തത്തിൽ വളരെ വേഗം പെരുകുന്നു. ചിലർക്ക് രോഗം പിടിപെട്ടു ഒരാഴ്ചക്കുള്ളിൽ കരൾ, വൃക്ക, ഹൃദയം, ശ്വാസകോശം, നാഡി, ഞരമ്പ് എന്നിവയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സ്രാവത്തിനു ഇടയാക്കുകയും ചെയ്യുന്നു. രോഗം സങ്കീർണമായാൽ മരണം വരെ സംഭവിക്കാം. ശക്തമായ വിറയലോടുകൂടിയ പനി, കുളിര് , തളർച്ച , ശരീരവേദന, തലവേദന , ഛർദ്ദി എന്നിവയാണ്‌ പ്രാരംഭ ലക്ഷണങ്ങൾ. ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, നീർവീഴ്ച , വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നീ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കുന്നു. ഏത് പനിയും എലിപ്പനി ആകാം. തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാക്കും.എലികളെ നിയന്ത്രിക്കുന്നതാണ്‌ ഏറ്റവും പ്രധാന പ്രതിരോധമാർഗ്ഗം. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക. ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക. രോഗബാധ സംശയിച്ചാൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം പ്രതിരോധ ആന്റിബയോട്ടിക്ക് കഴിക്കേണ്ടതാണ്.കൊതുക് നശീകരണംകെട്ടികിടക്കുന്ന ശുദ്ധജലത്തിലാണ് ഡങ്കി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ പരത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനു ചുറ്റും വെള്ളം കെട്ടിക്കിടക്കാ‍ൻ സാധ്യതയുള്ള ടയറുകൾ ഇവിടെ നിന്നെല്ലാം വെള്ളം നീക്കം ചെയ്യണം. റബർ തോട്ടങ്ങളിലുള്ള ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിച്ച് കളഞ്ഞ് കമഴ് ത്തി വക്കണം. കെട്ടികിടക്കുന്ന വെള്ളം നീക്കം ചെയ്യാനുള്ള ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നിർബന്ധമായും നടത്തിയിരിക്കണം. കൊതുകു വല ഉപയോഗിച്ചും, ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകു കടിയിൽ നിന്നും രക്ഷ തേടേണ്ടതാണ്.ആരോഗ്യ വിദ്യാഭ്യാസം.പകർച്ചവ്യാധി വ്യാപനത്തിനുള്ള കാരണങ്ങൾ, വിവിധ പകർച്ച വ്യാധികളുടെ പ്രാരംഭ രോഗലക്ഷണങ്ങൾ, പ്രതിരോധമാർഗ്ഗങ്ങൾ എന്നിവയെ സംബന്ധിച്ച് വാർഡ് തലത്തിൽ രൂപീകരിച്ചിട്ടുള്ള സാനിറ്റേഷൻ കമ്മറ്റിയും ആശാ പ്രവർത്തകരും മറ്റും പൊതു ജനങ്ങളെ ബോധവൽക്ക്കരിക്കേണ്ടതാണ്. മെഡിക്കൽ, നഴ് സിംഗ്, ഫാർമസി വിദ്യാർത്ഥികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർക്കും പൊതുജനാരോഗ്യ വിദ്യാഭാസ പരിപാടികൾ സംഘടിപ്പിക്കാവുന്നതാണ്. 
>

Trending Now