റെഡ് വൈൻ കുടിച്ച് ശരീര ഭാരം കുറയ്ക്കാം

webtech_news18 , News18
ശരീര ഭാരം കൂടിപ്പോയതു കൊണ്ട് വിഷമിക്കുന്നവർ കുറച്ചൊന്നുമല്ല. ഭാരം കുറയ്ക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി, ഒടുവില്‍ പട്ടിണി കിടന്നു പരീക്ഷണം നടത്തുന്നവർ വരെയുണ്ട്. ശരീര ഭാരം കുറയ്ക്കാൻ പല വഴികൾ നോക്കിയിട്ടും നടക്കാത്തവർക്ക് ഇതാ പുതിയൊരു വഴി. റെഡ് വൈൻ കുടിച്ചാൽ മതി. മിതമായ അളവിൽ റെഡ് വൈൻ കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.വാഷിങ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും ഹാർവാർഡ് മെഡിക്കൽ സ്കൂളും നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. റെഡ് വൈനിൽ അടങ്ങിയിരിക്കുന്ന റെസ്വെറേട്രോൾ എന്ന പോളിഫെനോൾ ആണ് ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ പോളിഫെനോൾ വൈറ്റ് ഫാറ്റിനെ വേഗത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന ഫാറ്റാക്കി മാറ്റുന്നതായി പഠനത്തിൽ പറയുന്നു. ചുണ്ടെലികളിലാണ് പഠനം നടത്തിയിരിക്കുന്നത്.


വൈൻ കുടിക്കുന്ന സ്ത്രീകളിൽ പൊണ്ണത്തടിക്കുള്ള സാധ്യത  70 ശതമാനം കുറവാണെന്നാണ് മറ്റൊരു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. റെഡ് വൈൻ കുടിക്കുന്നതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. മിതമായ അളവിൽ റെഡ് വൈൻ കുടിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കൂടാതെ രക്തത്തിലെ നല്ല കൊളസ്ട്രോളിനെ നിലനിർത്തുന്നതിലൂടെ സ്ട്രോക്ക്, അകാല മരണം എന്നിവയെയും തടയുന്നു. കാൻസർ, അൾഷിമേഴ്സ് എന്നീ സാധ്യതകളും റെഡ് വൈൻ ഇല്ലാതാക്കുമെന്നും വിദഗ്ധർ.എന്തായാലും റെഡ് വൈൻ ഉപയോഗിക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതായിരിക്കും.
>

Trending Now