
- News18 Malayalam
- Last Updated: December 15, 2021, 13:00 IST
ഫ്രഞ്ച് ഫാഷൻ ഹൗസായ (French Fashion House) ഷാനൽ (Chanel) അതിന്റെ പുതിയ ഗ്ലോബൽ സി.ഇ.ഒ. ആയി ലീന നായരെ (Leena Nair) നിയമിക്കാൻ തീരുമാനിച്ചു. 30 വർഷക്കാലമായി യൂണിലിവറിൽ (Unilever) പ്രവർത്തിച്ച ലീന നായർ നിലവിൽ കമ്പനിയുടെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസറും എക്സിക്യൂട്ടീവ് സമിതി അംഗവും ആയിരുന്നു. ഇന്ത്യയിൽ ജനിച്ച ബ്രിട്ടീഷ് പൗരയാണ് ലീന.
യുഎസിലെ ബിസിനസ് മേഖലയിലെ പ്രമുഖയും 2016 ന്റെ തുടക്കം വരെ 9 വർഷക്കാലം ഷാനലിന്റെ സി.ഇ.ഒ. ആയി പ്രവർത്തിക്കുകയും ചെയ്ത മൗറീൻ ചിക്വെറ്റിന്റെ പിൻഗാമിയായാണ് 52 കാരിയായ ലീന നായർ ആഡംബര ഫാഷൻ ബ്രാൻഡിന്റെ മേധാവിയായി ചുമതലയേൽക്കുന്നത്. പുതിയ നിയമനത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് ലീന ട്വീറ്റ് പങ്കുവെച്ചിരുന്നു. ഷാനൽ പ്രതിനിധീകരിക്കുന്ന മൂല്യങ്ങൾ തന്നെ പ്രചോദിപ്പിക്കുന്നതായി അവർ കുറിച്ചു.
ഷാനലിന്റെ ഉടമ കൂടിയായ ഫ്രഞ്ച് ശതകോടീശ്വരൻ അലൈൻ വെർട്ടൈമർ ആയിരുന്നു താൽക്കാലിക സി.ഇ.ഒ. ആയി പ്രവർത്തിച്ചു വന്നിരുന്നത്. ലീന നായരുടെ നിയമനത്തോടെ 73 കാരനായ അലൈൻ കമ്പനിയുടെ ഗ്ലോബൽ എക്സിക്യൂട്ടീവ് ചെയർമാനായി മാറും.
ഫാഷൻ ഇതിഹാസം ഗബ്രിയേൽ "കൊക്കോ" ഷാനൽ 1910 ൽ ഒരു ഹാറ്റ് ബുട്ടീക്ക് ആയി പാരീസിലാണ് കമ്പനി സ്ഥാപിച്ചത്. പിന്നീട് ഷാനൽ ഫാഷൻ രംഗത്തെ പ്രമുഖ ബ്രാൻഡായി വളരുകയായിരുന്നു. യൂണിലിവറിൽ 150,000 ജീവനക്കാരുടെ മേൽനോട്ടം നിർവഹിച്ച ലീന നായർ ജനുവരി അവസാനത്തോടെ പുതിയ സ്ഥാനം ഏറ്റെടുക്കുമെന്നും ലണ്ടൻ ആസ്ഥാനമായിട്ടായിരിക്കും അവർ പ്രവർത്തിക്കുക എന്നും ഷാനൽ ഗ്രൂപ്പ് അറിയിച്ചു. ഒരു സ്വകാര്യ കമ്പനി എന്ന നിലയിൽ ദീർഘകാല വിജയം ഉറപ്പു വരുത്തുന്നതാണ് പുതിയ നിയമനമെന്നും കമ്പനി അറിയിച്ചു.
ബിടിയിൽ നോൺ എക്സിക്യൂട്ടീവ് ബോർഡ് അംഗമായി സേവനമനുഷ്ഠിക്കുന്ന ലീന നായർ മുമ്പ് ബ്രിട്ടീഷ് സർക്കാരിന്റെ ബിസിനസ്, എനർജി, ഇൻഡസ്ട്രിയൽ സ്ട്രാറ്റജി വകുപ്പിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2018 മുതലാണ് കമ്പനിയുടെ സാമ്പത്തിക വിവരങ്ങൾ ഷാനൽ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 2019 ൽ കോവിഡ് മഹാമാരിയ്ക്ക് മുമ്പുണ്ടായിരുന്ന 12.3 ബില്യൺ ഡോളറിന്റെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം വിൽപ്പന ഇരട്ടിയാക്കി വർദ്ധിപ്പിക്കുമെന്ന് ജൂലൈയിൽ കമ്പനി അറിയിച്ചിരുന്നു.
കൺസ്യൂമർ പാക്കേജ്ഡ് ഗുഡ്സ് ഇൻഡസ്ട്രിയിൽ പ്രവർത്തന പരിചയമുള്ള ഉന്നതതല എക്സിക്യൂട്ടീവുകളെ ആകർഷിക്കുന്ന പ്രവണതയാണ് ഷാനൽ പിന്തുടരുന്നതെന്ന് ബെർൺസ്റ്റൈൻ ലക്ഷ്വറി ഗുഡ്സ് അനലിസ്റ്റ് ലൂക്ക സോൾക പറഞ്ഞു.
Summary: Who is Leena Nair, the new global chief executive of French luxury group Chanel?
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.