ಭಾಷೆಯನ್ನು ಆಯ್ಕೆಮಾಡಿ :

తెలుగు (Malayalam)

രാമനവമി ദിനത്തിൽ രാമന്റെയും ഹനുമാന്റെയും വേഷത്തിലെത്തി മാസ്കുകൾ വിതരണം ചെയ്ത് ഒരു ബോധവത്ക്കരണം

രാമനവമി ദിനത്തിലാണ് ഇത്രയും വലിയ ഒരു സന്ദേശവുമായി യുവാക്കൾ രംഗത്തെത്തിയത്

രാജ്യത്ത് കോവിഡ് കേസുകൾ അതിശക്തമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് മാസ്ക് ധരിക്കാനും സർക്കാർ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പൂർണമായി പിന്തുടരാനും വീണ്ടും വീണ്ടും ആവശ്യപ്പെടുകയാണ് അധികൃതർ. ഇതിൻറെ ഭാഗമായാണ് കർണാടകയുടെ തലസ്ഥാനമായ ബംഗളുരുവിലെ ഒരു ഹോട്ടലിലെ ജീവനക്കാരായ മൂന്ന് യുവാക്കൾ ആളുകൾക്കിടയിൽ ബോധവൽക്കരണം നടത്താനും സാമൂഹിക അകലം പാലിക്കുന്നതിനെ പറ്റി ഓർമ്മിപ്പിക്കാനും വ്യത്യസ്തമായ ഒരു രീതി സ്വീകരിച്ചത്.


ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ഹനുമാന്റെയും വേഷത്തിൽ പുറത്തിറങ്ങിയ ബംഗളുരുവിലെ മൂന്ന് യുവാക്കൾ ആളുകൾക്കിടയിൽ മാസ്കുകൾ വിതരണം ചെയ്യുകയും സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. രാമനവമി ദിനത്തിലാണ് ഇത്രയും വലിയ ഒരു സന്ദേശവുമായി യുവാക്കൾ രംഗത്തെത്തിയത് എന്നത് ഏറെ ശ്രദ്ധേയമാണ്.


വാർത്താവിതരണ ഏജൻസിയായ എഎൻഐയാണ് ഹോട്ടൽ ജീവനക്കാരുടെ ഈ നന്മ നിറഞ്ഞ പ്രവർത്തനത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. അഭിഷേക്, നവീൻ, ഭാഷ എന്നീ മൂന്ന് യുവാക്കളാണ് തെരുവുകളിലൂടെയും ബസ് സ്റ്റാന്റുകളിലൂടെയും സഞ്ചരിച്ച് ആളുകൾക്കിടയിൽ കോവിഡ് ബോധവൽക്കരണം നടത്തിയത്.


ഈ ചെറുപ്പക്കാർ നടത്തിയ പ്രവർത്തനത്തെ പ്രശംസിക്കുകയാണ് സമൂഹമാധ്യമങ്ങൾ. അതേസമയം കോവിഡ് കേസുകൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ സംഭവത്തെ വളരെ ലാഘവത്തോടെ എടുക്കുന്ന ആളുകളുടെ സമീപനവും ഈ ദൃശ്യങ്ങളിൽ നിന്ന് മനസ്സിലാവുന്നുണ്ട് എന്നും ആളുകൾ പറയുന്നു. ഇപ്പോഴും മാസ്ക് ധരിക്കാൻ കൂട്ടാക്കാത്ത ആളുകളെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.


രാജ്യത്ത് മുൻപ് കണ്ടിട്ടില്ലാത്ത തോതിലാണ് ഇപ്പോൾ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമാണ് ഇപ്പോഴത്തെ സാഹചര്യം. പ്രതിദിനം റെക്കോർഡ് കണക്കിനാണ് പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തപ്പെടുന്നത്. ബുധനാഴ്ച മാത്രം 2.95 ലക്ഷം പുതിയ കേസുകളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2,023 പേർ ഈ അസുഖം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരമാണിത്.




കർണാടകയിലും മുമ്പത്തേതിനേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് 21,794 പുതിയ പോസിറ്റീവ് കേസുകളും 149 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഡൽഹി ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ വൈറസ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം മറ്റു സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കുകയാണ്.


പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ആളുകളോട് സ്വയം നിയന്ത്രണം പാലിക്കാനും രാജ്യം മുഴുവനും ലോക്ക്ഡൗൺ പ്രഖ്യാപിക്കൽ അവസാനത്തെ ആയുധം ആണെന്നും പറഞ്ഞു.


Keywords: covid, lockdown, prime minister, narendra modi, delhi, bengaluru, ram navami, lord ram, hotel, mask, മാസ്ക്, ബംഗളുരു, ഹോട്ടൽ, മോദി, രാമനവമി, രാമ൯, ശ്രീരാമൻ

Published by: user_57
First published: April 22, 2021, 6:06 PM IST