ഒരു കാലഘട്ടത്തിന്‍റെ ജീവിത ആവിഷ്ക്കാരവുമായി തുറമുഖം

webtech_news18
'അന്ന് കൊച്ചി തുറമുഖം മുതല്‍ തൃക്കാക്കര വരെയുള്ള വഴി ഒരു നേര്‍വരെ പോലെ പ്രകാശം നിറഞ്ഞതായിരുന്നു. കൊച്ചി തുറമുഖത്ത് നിന്നാല്‍ തൃക്കാക്കര വിളക്കു കാണാം. തൃക്കാക്കര വിളക്കിനേയോ നീലത്തിര നമിക്കുന്നത് കാണാം' -കെ.ജി.ശങ്കരപ്പിള്ള (കൊച്ചിയിലെ വൃക്ഷങ്ങള്‍)അര നൂറ്റാണ്ട് മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1968-ല്‍ കെ.എം.ചിദംബരന്‍ 'തുറമുഖം' എന്ന നാടകം എഴുതുന്നത്. അതിനും പതിനഞ്ച് വര്‍ഷം മുമ്പാണ് കൊച്ചി തുറമുഖത്തെ തൊഴിലാളി സമരത്തിന് നേരെ പൊലീസ് വെടിവയ്ക്കുന്നതും സെയ്ദും സെയ്തലവിയും ആന്റണിയും കൊച്ചിയിലെ സംഘടിത തൊഴിലാളി ചരിത്രത്തിലെ ധീര രക്തസാക്ഷികളാവുന്നതും. അവരുടെ രക്തസാക്ഷിത്വത്തിനും ഏതാണ്ട് പത്തുവര്‍ഷത്തിന് ശേഷമാണ് കൊച്ചി തുറമുഖത്തിലെ ഏറ്റവും ക്രൂരമായ ചാപ്പ സമ്പ്രദായം അവസാനിക്കുന്നത്. തുറമുഖത്ത് ജോലിക്ക് വേണ്ടി കാത്തുനില്‍ക്കുന്ന തൊഴിലാളികളെ ചാപ്പ എന്ന ചെമ്പ് നാണയങ്ങള്‍ എറിഞ്ഞ് തിരഞ്ഞെടുക്കുന്ന ക്രൂരമായ രീതിയായിരുന്നു അത്. ചാപ്പ കൈവശപ്പെടുത്താന്‍ പരസ്പരം മത്സരിക്കുകയും പോരാടുകയും ചെയ്ത് വിജയിച്ച തൊഴിലാളികള്‍ക്കേ തൊഴില്‍ ലഭിക്കുമായിരുന്നുള്ളൂ.


1928-ല്‍, ഉദ്ഘാടനം ചെയ്ത കൊച്ചിന്‍ പോര്‍ട്ട് എന്ന കൊച്ചി തുറമുഖം ആ നാട്ടിലെ തൊഴിലാളി ജീവിതങ്ങള്‍ക്ക് ഒരു താങ്ങാകുമെന്നായിരുന്നു പ്രതീക്ഷ. തുറമുഖമെത്തുമ്പോള്‍ സാര്‍വ്വത്രികമായി തൊഴില്‍ ലഭിക്കുമെന്ന ഉറപ്പുകള്‍ വിശ്വസിച്ചിരുന്ന തൊഴിലാളികളാണ് ഏതാണ്ട് എഴുപത്തിയഞ്ച് പൈസയ്ക്ക് തുല്യമായ 13 അണ എന്ന ദിവസക്കൂലിക്ക് വേണ്ടി അമ്പതുകളില്‍ ചാപ്പയേറും കാത്ത് നിന്നിരുന്നത്. ഈ ചാപ്പ സമ്പ്രദായത്തിനെതിരേയും തൊഴിലുറപ്പാക്കലിനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനും വേണ്ടിയാണ് കൊച്ചിയില്‍ തൊഴിലാളികള്‍ ആദ്യമായി സംഘടിക്കുന്നത്. കേരളത്തിലെ സംഘടിത തൊഴിലാളി ചരിത്രത്തിലെ ധീരവും രക്തഭരിതവുമായ ഒരു അധ്യായമായിരുന്നു തുറമുഖ തൊഴിലാളി സമരരങ്ങള്‍.കൊച്ചിയിലെ മനുഷ്യരുടെ ജീവിതത്തിന്റെ രക്തം പുരണ്ട ഒരേടാണ് കെ.എം.ചിദംബരത്തിന്റെ 'തുറമുഖ'മെന്ന നാടകം. പ്രതീക്ഷകള്‍ക്കും സ്വപ്‌നങ്ങള്‍ക്കും പകരം തുറമുഖത്ത് വന്നടിഞ്ഞത് മാലിന്യങ്ങളും മഹാരോഗങ്ങളും ദുരിതങ്ങളും. ജീവിതത്തില്‍ അതേറ്റു വാങ്ങി ദ്രവിച്ചും മരവിച്ചും ഇല്ലാതായ നിന്ദിതരും പീഡിതരുമായ മനുഷ്യര്‍. നിരന്തരമായി അപരിചിത്വത്തിന്റെ കപ്പലുകള്‍ നങ്കൂരമിടുന്ന, ദുരിതങ്ങളുടെ ദുഖങ്ങളുടെ തിരമാലകള്‍ ഒരിക്കലും അവസാനിക്കാത്ത ജിവിതങ്ങള്‍ക്ക് ആമുഖം പോലെ എഴുതപ്പെടുന്ന നാടകത്തിന് 'തുറമുഖ'മെന്നല്ലാതെ എന്തു പേരിടും? ആ നാടകം അമ്പതുകളിലും അറുപതുകളിലുമുള്ള കൊച്ചി ജീവിതത്തിലല്ലാതെ എവിടെ സംഭവിക്കാന്‍?ഹംസ, മൊയ്തു എന്നീ സഹോദരന്മാരുടെ ഉമ്മ, അവരുടെ സഹോദരി കദീശ, മൊയ്തുവിന്റെ ഭാര്യ എന്നീ മൂന്ന് സ്ത്രീകളാണ് തുറമുഖത്തിലെ ജീവിതങ്ങളുടെ സാക്ഷ്യം പറയാന്‍ ഈ നാടകത്തിലെ കേന്ദ്രമായുള്ളത്. മൊയ്തു ഇരുളും ഹംസ പകലും പോലെ വ്യക്തവും വ്യത്യസ്തവുമായ ചിത്രങ്ങളാണ്. തുറമുഖത്തിലടിഞ്ഞ മാലിന്യങ്ങളുടെ ഇരയാണ് കദീശ. ഏതാനും രാത്രികള്‍ നീണ്ട അറബികല്യാണത്തിന്റെ ഇര. കപ്പലേറി ഒരു നാള്‍ തുറമുഖത്ത് നിന്ന് അയാള്‍ അപ്രത്യക്ഷനായിട്ടും കദീശയുടെ ദുരിതം തീര്‍ന്നില്ല. അയാള്‍ സമ്മാനിച്ചുപോയ മഹാരോഗമായി അവളെ വീണ്ടും ജീവിതം വേട്ടയാടി. ജീവിതത്തിലേയ്ക്ക് മടങ്ങി മക്കളെത്തുമെന്ന് കാത്തിക്കുന്ന ഉമ്മയുടെ ആധികളും വ്യാധികളും ഒരിക്കലും അവസാനിക്കുന്നില്ല. പ്രത്യാശകളുമായി എത്തുന്ന കപ്പലുകളും നവീനവും ലാവണ്യവുമായ കാഴ്ചകളുമാണ് ആധുനികമായ ജീവിതവുമാണ് ഒരു തുറമുഖം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഏതു മഹാമൗനത്തിന് ശേഷവും ഒരു സംഗീതമുണ്ടാകുമെന്നോ ഏത്ര നീണ്ട രാത്രിക്ക് ശേഷവും ഒരു പ്രഭാതമുണ്ടാകുമെന്നോ പ്രതീക്ഷിക്കാനില്ലാത്ത നിതാന്തമായി ഇരുള്‍ മൂടിയ ജീവിതത്തില്‍ പിടയുന്ന മനുഷ്യരെയാണ് തുറമുഖം യഥാര്‍ത്ഥത്തില്‍ സൃഷ്ടിച്ചത്. മഹാസങ്കടങ്ങളുടെ വേലിയേറ്റങ്ങളില്‍ നിലയില്ലാതെ പെട്ടവര്‍.നാടകമെഴുതി അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറവും 'തുറമുഖ'മെന്ന നാടകം പ്രസക്തമാകുന്നത് അതിന്റെ കഥാപാത്രമികവും പ്രമേയത്തിന്റെ കരുത്തും കൊണ്ട് മാത്രമല്ല, അത് ഒരു കാലഘട്ടത്തിന്റെ ജീവിത ചിത്രീകരണമാണ് എന്നത് കൊണ്ടുമാണ്. എഴുപതുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകത്തെ ഇപ്പോള്‍ അരങ്ങില്‍ അവതരിപ്പിക്കുന്നത് കെ.എം.ചിദംബരന്റെ മകനും നാടകകൃത്തും സംവിധായകനും തിരക്കഥാകൃത്തുമായ ഗോപന്‍ ചിദംബരമാണ്. കളക്റ്റീവ് ഫേസ് വണ്ണും ഉരു ആര്‍ട് ഹാര്‍ബറും ചേര്‍ന്ന നിര്‍മ്മിക്കുന്ന ഈ നാടകത്തില്‍ പ്രദേശവാസികള്‍ തന്നെയാണ് അഭിനയിക്കുന്നത്. ഈ മാസം 20, 21 തീയതികളില്‍ മട്ടാഞ്ചേരി ഉരുവില്‍ നാടകാവതരണം നടക്കും.
>

Trending Now