വീടും കാറുമുണ്ടായിട്ടും ആളുകൾ ഉറങ്ങുന്നത് മക്ഡൊണാൾഡ്സിൽ

webtech_news18 , News18 India
ഹോംഗോങ്: കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് മക്ഡോണാൾഡ്സിൽ കിടന്നുറങ്ങുന്നവരുടെ എണ്ണം വർദ്ധിച്ചത് ആറുമടങ്ങ്. ജൂനിയർ ചേംബർ ഇന്‍റർനാഷണൽ നടത്തിയ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2013ൽ ഹോംഗോങ്ങിലെ മക്ഡൊണാൾഡ്സിൽ രാത്രിയിൽ കിടന്നുറങ്ങിയിരുന്നത് 57 പേരായിരുന്നു. എന്നാൽ, അടുത്തിടെ നടത്തിയ സർവേയിൽ 334 ആളുകൾ മക്ഡൊണാൾഡ്സിൽ രാത്രിയിൽ കിടന്നുറങ്ങുന്നു എന്നാണ് കണക്ക്.രാത്രിയിൽ മക്ഡൊണാൾഡ്സിൽ കിടന്നുറങ്ങുന്നവരെ സഹായിക്കാനായിരുന്നു ഇത്തരത്തിലൊരു സർവേ നടത്തിയത്. എന്നാൽ, ഇത്തരത്തിൽ കിടന്നുറങ്ങുന്ന ആളുകളെ ഒരുമിപ്പിക്കുന്ന ഘടകങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർവേ സംഘത്തിന്‍റെ ചെയർവുമൺ ജെന്നിഫർ ഹങ് പറഞ്ഞു. ഹോംഗോങ്ങിലെ 110 മക്ഡൊണാൾഡ്സ് ഔട്ട്ലെറ്റുകളെ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. എന്നാൽ, ഇങ്ങനെ ഔട്ട്ലെറ്റുകളിൽ ഉറങ്ങുന്നവർ വീടില്ലാത്തവരോ ജോലിയില്ലാത്തവരോ അല്ലെന്ന് സർവേയിൽ കണ്ടെത്തി.


സർവേയിൽ പങ്കെടുത്തവരിൽ 70 ശതമാനം ആളുകൾക്കും താമസിക്കാൻ മറ്റൊരിടം ഉണ്ടായിരുന്നു. ഭൂരിഭാഗം പേർക്കും, പൂർണമായോ ഭാഗികമായോ ജോലിയും ഉണ്ടായിരുന്നു. ഇത്തരത്തിൽ മക്ഡൊണാൾഡ്സിൽ ഉറങ്ങുന്നവർ വീടില്ലാത്തവരോ ജോലിയില്ലാത്തവരോ അല്ലെന്നതാണ് പ്രത്യേകത. അവർക്ക് ഉറങ്ങാൻ വീടുകളുണ്ട്, പക്ഷേ അവർക്ക് വീടുകളിലേക്ക് മടങ്ങിപ്പോകാൻ താൽപര്യമില്ലെന്ന് ജെന്നിഫർ ഹങ് പറഞ്ഞു.മക്ഡൊണാൾഡ്സ് ഉറക്കത്തിന് പിന്നിലെ കാരണങ്ങൾ രസകരമാണ്. ഉയർന്ന നിരക്കിലുള്ള ഇലക്ട്രിസിറ്റി ബിൽ ആണ് പ്രധാനഘടകം. എ സി ഉപയോഗിച്ച് എന്നും വീട്ടിൽ കിടന്നുറങ്ങിയാൽ കൈയിൽ കിട്ടുന്ന കറന്‍റ് ബില്ലിന് ഒരു പരിധിയുമുണ്ടാകില്ല. മക്ഡൊണാൾഡ്സിൽ ആണെങ്കിൽ ഫ്രീ വൈഫൈ, കുറഞ്ഞ നിരക്കിൽ ഭക്ഷണം, ടോയ്ലറ്റ് സൌകര്യം - പിന്നെയെന്തിന് വീട്ടിലേക്ക് പോകണം. ഹോംഗോങ്ങിലെ ഭവനവിപണിയിലെ താങ്ങാനാവാത്ത വിലനിലവാരവും ഇത്തരം കടുത്ത തീരുമാനങ്ങളെടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു.ഇതു മാത്രമല്ല, മാതാപിതാക്കളുമായി നിരന്തരം കലഹിക്കേണ്ടി വരുന്നതുകൊണ്ട് വീട്ടിൽ പോകാൻ മടിക്കുന്നവരും ഭർത്താവ് മരിച്ചതിനെ തുടർന്ന് കടുത്ത ഏകാന്തത അനുഭവപ്പെടുന്നതു കൊണ്ട് അത് മാറ്റാൻ ആഗ്രഹിക്കുന്നവരും ഭർത്താവിന്‍റെ പീഡനം സഹിക്കാൻ കഴിയാത്തതിനാൽ വീട്ടിൽ പോകാൻ മടിക്കുന്നവരും ഒക്കെയാണ് മക്ഡൊണാൾഡ്സിൽ രാത്രി തള്ളിനീക്കാൻ എത്തുന്നത്. ആളുകൾ സമ്പത്തുള്ളവരും വീടുള്ളവരും ഒക്കെയാണ്, പക്ഷേ എല്ലാവരും മാനസികമായി ദരിദ്രരാണെന്ന് ഹങ് പറഞ്ഞു.
>

Trending Now