രൂപയുടെ തകർച്ചയും ക്രൂഡോയിൽ വിലവർധനവും: സംസ്ഥാനങ്ങൾക്ക് 22,700 കോടിയുടെ അധികവരുമാനം

webtech_news18
മുംബൈ: ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വില ഇടിയുന്നതും ക്രൂഡോയിലിന്റെ വില വർധിക്കുന്നതും സംസ്ഥാനങ്ങൾക്കും നേട്ടമാകുമെന്ന് വിലയിരുത്തൽ.  കേന്ദ്രസര്‍ക്കാരിനെ പോലെ സംസ്ഥാനങ്ങൾക്കും ഇത് അധികനികുതി നേടിത്തരുമെന്ന് കണ്ടെത്തിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവേഷണ വിഭാഗമാണ്. ഇന്ധന നികുതിയിനത്തില്‍ 22,700 കോടിയോളം രൂപ സംസ്ഥാനങ്ങള്‍ക്ക് നേടാനാകുമെന്നാണ് കണ്ടെത്തല്‍.രൂപയുടെ റെക്കോർഡ് വിലയിടിവും ക്രൂഡോയിലിന് വില ഉയര്‍ന്ന് ബാരലിന് 78 ഡോളര്‍ എന്ന നിലയിലെത്തിയതും ഇന്ധനങ്ങളുടെ വാറ്റ് നികുതിയിനത്തിൽ സംസ്ഥാനങ്ങള്‍ക്ക് നേട്ടമുണ്ടാകുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ബജറ്റിന് പുറമെ ലഭിക്കുന്നതായിരിക്കും ഈ അധികവരുമാനം.


ക്രൂഡോയില്‍ ബാരലിന്‌ ഒരു ഡോളര്‍ വര്‍ധന ഉണ്ടാകുമ്പോള്‍ 19 പ്രമുഖ സംസ്ഥാനങ്ങള്‍ക്ക് 1513 കോടി രൂപ അധികമായി ലഭിക്കുമെന്ന്‌ റിപ്പോര്‍ട്ട് പറയുന്നു. ഉയര്‍ന്ന വാറ്റ് നിരക്കിനെ തുടര്‍ന്നാണ് ഇത്രയും തുക കിട്ടുക. ഇന്ധനങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന വാറ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള മഹാരാഷ്ട്രയ്ക്കാകും ഏറ്റവും അധികം വരുമാനം കിട്ടുക.പെട്രോളിന് ലിറ്ററിന് 81 രൂപയാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍. ഇതനുസരിച്ച് ഇപ്പോഴത്തെ വിലക്കയറ്റത്തിലൂടെ 3389 കോടി രൂപ മഹാരാഷ്ട്രയ്ക്ക് അധികലാഭം ലഭിക്കും. ഗുജറാത്തിന് ഇങ്ങനെ നേടാനാവുക 2,842 കോടി രൂപയാണ്. കേരളത്തിന് നേടാനാവുക 908 കോടി രൂപയായിരിക്കും.ബജറ്റിലുള്‍പ്പെടാത്ത ഈ അധികലാഭം ഉപയോഗിച്ച് സംസ്ഥാനങ്ങള്‍ക്ക് ഇന്ധനവില കുറയ്ക്കാന്‍ സാധിക്കുമെന്ന നിര്‍ദേശവും എസ്ബിഐ ഗവേഷണറിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്നു. പെട്രോള്‍ വിലയില്‍ ലിറ്ററിന് ശരാശരി 3.20 രൂപ വരെ ഇങ്ങനെ കുറയ്ക്കാനാകും. ഡീസല്‍ വിലയില്‍ 2.50 രൂപ വരെ കുറയ്ക്കാന്‍ കഴിയും. 
>

Trending Now