88ാം വയസിൽ ബെൻസ് സ്വന്തമാക്കി; എട്ടാം വയസിലെ സ്വപ്നം സാക്ഷാത്കരിച്ച് കർഷകൻ

webtech_news18 , News18 India
കുട്ടിക്കാലത്ത് കാണുന്ന സ്വപ്നങ്ങൾ നേടുന്നത് ജീവിതത്തിലെ ഏറ്റവും വലിയ വിജയം തന്നെയാണ്. വളരെ കുറച്ചു പേർക്ക് മാത്രമെ അത്തരത്തിൽ സ്വപ്നം കണ്ടത് സ്വന്തമാക്കാൻ കഴിയൂ. അക്കൂട്ടത്തിലെ ഒരാളാണ് തമിഴ്നാട് സ്വദേശിയായ എച്ച് ദേവരാജൻ എന്ന കർഷകൻ. മെഴ്സിഡസ് ബെൻസ് സ്വന്തമാക്കിക്കൊണ്ട് ദേവരാജൻ കുട്ടിക്കാലത്ത് കണ്ട സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. മേഴ്സിഡസ് ബെൻസ് സ്വന്തമാക്കിയതല്ല പ്രത്യേകത, എന്നാൽ അദ്ദേഹം ഈ നേട്ടം കൈവരിച്ചിരിക്കുന്നത് 88ാം വയസിലാണെന്നതാണ്. മാത്രമല്ല, അദ്ദേഹം ഒരു കർഷകൻ കൂടിയാണ്.ചെന്നൈയിലെ ഷോറൂമിൽ നിന്ന് 33 ലക്ഷത്തിനാണ് ദേവരാജൻ ബെൻസ് സ്വന്തമാക്കിയിരിക്കുന്നത്. എട്ടാം വയസിലായിരുന്നു ദേവരാജൻ ആദ്യമായി ബെൻസ് കണ്ടത്. ആ സമയത്ത് കാറിന്റെ പേരുപോലും അറിയില്ലായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹം ബെൻസിന്റെ ആരാധകനായി മാറിയിരുന്നു. 80 വർഷം കഠിനമായി പരിശ്രമിച്ച് ഓരോ രൂപയും സൂക്ഷിച്ചാണ് ദേവരാജൻ കാർ സ്വന്തമാക്കിയത്.


ബെൻസ് ബ്രാൻഡിന്റെ മൂന്നു പോയിന്റിലെ നക്ഷത്ര ചിഹ്നമാണ് തന്നെ ആരാധകനാക്കിയതെന്നാണ് ദേവരാജൻ പറയുന്നത്. സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ഭാര്യയുടെ പിന്തുണ ഉണ്ടായിരുന്നതായും അദ്ദേഹം പറയുന്നു. ദേവരാജന്റെ ഈ നേട്ടം കേക്ക് മുറിച്ചാണ് ബെൻസ് ഡീലർമാർ‌ ആഘോഷമാക്കിയത്. ഇതിന്റെ വീഡിയോയും പുറത്തു വിട്ടു.

>

Trending Now