ഇന്ത്യ ആദ്യമായി നിർമിച്ച ഇലക്ട്രിക് ബസ് പുറത്തിറക്കി

webtech_news18 , News18 India
ന്യൂഡൽഹി: ഇന്ത്യ ആദ്യമായി നിർമിച്ച ഇലക്ട്രിക് ബസ് ഇ-ബസ് കെ6 കേന്ദ്ര മന്ത്രി ആനന്ദ് ഗീഥെ പുറത്തിറക്കി. പൂർണമായും ഇന്ത്യയിൽ തന്നെ നിർമിച്ചതാണ് ഇത്. 18 സീറ്റാണ് ബസിനുള്ളത്. സീറോ എമിഷനാണ്. ഗോൾഡ് സ്റ്റോൺ ഇൻഫ്ര ടെക് ലിമിറ്റഡും, ബിവൈഡി ആട്ടോ ഇൻഡസ്ട്രി കോ. ലിമിറ്റഡും ചേർന്നാണ് ബസ് നിർമ്മിച്ചിരിക്കുന്നത്.ഏഴ് മീറ്റർ എയർ കണ്ടീഷൻഡ് ബസാണ് ഇത്. 180 കിലോവാട്ട് ഊർജത്തിലാണ് ബസ് പ്രവർത്തിക്കുന്നത്. സ്മാർട്ട് എയർ സസ്പെൻഷൻഡ് സിസ്റ്റം, എയർ ഡിസ്ക് ബ്രേക്ക് എന്നിവയാണ് ബസിന്റെ മറ്റ് പ്രത്യേകതകൾ. മണിക്കൂറിൽ 80 കിലോമീറ്റർ വരെ സഞ്ചരിക്കും. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാം. 3 ഫേസ് എസി ചാർജിങ്ങിലൂടെ മൂന്നോ നാലോ മണിക്കൂർ ചാർജ് ചെയ്താൽ മതിയാകും.


ആദ്യം നിർമിക്കുന്ന അഞ്ച് ബസുകൾ നേപ്പാളിലേക്ക് കയറ്റുമതി ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നീട് മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിട്ട് മാത്രമല്ല ഇ-ബസ് കെ6 നിർമിച്ചിരിക്കുന്നതെന്ന് ഗോൾഡ് സ്റ്റോൺ ഇൻഫ്ര ടെക് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ നാഗ സത്യം വ്യക്തമാക്കി.ഇന്ത്യയ്ക്കു വേണ്ടിയാണ് ഇത് നിർമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. വിവിധ സംസ്ഥാനങ്ങളിലേക്കും മുംബൈ, ഹൈദരാബാദ്, ഹിമാചൽ പ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിലേക്കും ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഇ- ബസ് എത്തിക്കുമെന്നും അദ്ദേഹം പറയുന്നു.കരുത്തുറ്റതും സങ്കീർണവും യാത്രക്കാർക്ക് സൗകര്യപ്രദവുമായ ബസ് നിർമിക്കുന്നതിലൂടെ വിദേശ വിപണിയെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അദ്ദേഹം.സാർക്ക് രാജ്യങ്ങളെ ലക്ഷ്യം വച്ചാണ് ബസ് നിർമിച്ചിരിക്കുന്നതെന്നും അതിന്റെ ഭാഗമായിട്ടാണ് നേപ്പാളിലേക്ക് ബസ് കയറ്റി അയക്കുന്നതെന്നും ബിവൈഡി ആട്ടോ ഇൻഡസ്ട്രി കോ. ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷാംഗ് ജി പറഞ്ഞു. പരിസ്ഥിതി സൗഹൃദം മാത്രമല്ല കാർബൺ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനും കൂടിയാണ് ഇത്തരം വാഹനങ്ങൾ നിർമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
>

Trending Now