സമ്മാനമായി മറാസോ; രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് ജെയ്‍സൽ

webtech_news18
കോഴിക്കോട്: കേരളത്തെ മുക്കിയ പ്രളയത്തിനിടെ രക്ഷാപ്രവർത്തനത്തിലൂടെ താരമായ താനൂരിലെ മത്സ്യത്തൊഴിലാളി ജെയ്‍സലിനെ ഓർമയില്ലേ. പുതിയൊരു കാർ സമ്മാനമായി കിട്ടിയ ത്രില്ലിലാണ് ജെയ്‍സൽ ഇപ്പോൾ. മഹീന്ദ്രയുടെ എം.പി.വി വിഭാഗത്തിൽപ്പെട്ട പുതിയ കാർ മറാസോ കേരളത്തിൽ പുറത്തിറയത് ജെയ്‍സലിന് സമ്മാനമായി നൽകിക്കൊണ്ടായിരുന്നു. ഓർക്കാപ്പുറത്ത് ലഭിച്ച സമ്മാനം ശരിക്കും ഞെട്ടിച്ചുവെന്ന് ജെയ്‍സൽ ന്യൂസ്18നോട് പറഞ്ഞു. ഈ കാർ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിക്കാനാണ് ജെയ്‍സലിന്‍റെ തീരുമാനം. ഇനിമുതൽ രക്ഷാപ്രവർത്തനത്തിനായി ഈ കാറിലായിരിക്കും താനും സുഹൃത്തുക്കളും പോകുക. ഇതുവരെ ലഭിച്ചതിൽ ഏറ്റവും വലിയ സമ്മാനമാണിതെന്നും, ഒരുപാട് സന്തോഷമുണ്ടെന്നും ജെയ്‍സൽ പറഞ്ഞു.ജീവിതത്തിലേക്ക് തിരിച്ചുകയറിയത് മൽസ്യത്തൊഴിലാളിയുടെ മുതുകിൽച്ചവുട്ടി; ദുരിതകാലത്ത് കൈയടി നേടി ജയ്‌സൽ


മഹീന്ദ്രയും വിതരണക്കാരായ ഇറാം ഗ്രൂപ്പും ചേർന്നാണ് മറാസോ കേരളത്തിൽ പുറത്തിറക്കാൻ പുതുവഴി തേടിയത്. ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദിഖ് അഹമ്മദ് കഴിഞ്ഞദിവസം ജെയ്‍സലിനെ വിളിച്ച് സഹജീവി സ്നേഹത്തിന് എന്ത് സമ്മാനമാണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ എട്ട് പേർക്ക് പോകാൻ സാധിക്കുന്ന വാഹനം വേണമെന്നായിരുന്നു മറുപടി. ഇന്ന് ഉച്ചയ്ക്ക് കോഴിക്കോട്ട് എത്താനായിരുന്നു സിദ്ദിഖ് അഹമ്മദിന്‍റെ മറുപടി. എന്നാൽ കാർ പുറത്തിറക്കൽ ചടങ്ങിൽവെച്ച് മറാസോ സമ്മാനമായി ലഭിച്ചപ്പോൾ ശരിക്കും ഞെട്ടിയത് ജെയ്‍സൽ ആയിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ പ്രായമായ സ്ത്രീകളെ ഉൾപ്പടെ ബോട്ടിലേക്ക് കയറാൻ തന്‍റെ ശരീരം ചവിട്ടുപടിയാക്കിയാണ് ജെയ്‍സൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ പൊതുസമൂഹത്തിന്‍റെ കൈയ്യടി നേടിയത്.കോഴിക്കോട്ട് നടന്ന ചടങ്ങിൽ തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണനാണ് കാറിന്‍റെ താക്കോല്‍ ജെയ്‍സലിന് കൈമാറിയത്. വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയും വിതരണക്കാരായ ഇറാം മോട്ടോഴ്സും ചേർന്നാണ് ജെയ്‍സലിന്‍റെ സഹജീവി സ്നേഹത്തിന് കാര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്. ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധീഖ് അഹമ്മദ്, മേയര്‍ തോട്ടത്തിൽ രവീന്ദ്രന്‍, കളക്ടര്‍ യു.വി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
>

Trending Now