യാത്രക്കാർക്ക് കൗതുകമായി കെഎസ്ആർടിസി ഇലക്ട്രിക് ബസ്

Anuraj GR , News18
തിരുവനന്തപുരം:കെഎസ്ആർടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് കേരളത്തിൽ പരീക്ഷണയോട്ടം ആരംഭിച്ചു. തിങ്കളാഴ്ച തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ ഇലക്ട്രിക് ബസിന്റെ പരീക്ഷണയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്കാണ് ബസ് ആദ്യം സർവീസ് നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ അഞ്ച് ദിവസം വീതമാണ് പരീക്ഷണ സർവീസ്.തമ്പാനൂരിൽ നിന്ന് പട്ടം, മെഡിക്കൽ കോളേജ് വഴി കഴക്കൂട്ടം വരെയായിരുന്നു ആദ്യ സർവീസ്. തുടർന്ന് കിഴക്കേക്കോട്ട, കോവളം, ടെക്നോപാർക്ക്, പാപ്പനംകോട് എന്നീ റൂട്ടുകളിലേക്കും സർവീസ് നടത്തി. സിറ്റി എസി ലോഫ്ലോർ ബസുകളുടെ നിരക്കാണ് ഈടാക്കുന്നത്.


35 പുഷ് ബാക്ക് സീറ്റുകളാണ് ബസിലുള്ളത്. സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങൾ എന്നിവ ബസിലുണ്ട്. കർണാടക, ആന്ധ്ര, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ഗോൾഡ് സ്റ്റോൺ ഇൻഫ്രാടെക് ലിമിറ്റഡ് കമ്പനിയാണ് തലസ്ഥാനത്തും ഇലക്ട്രിക് ബസ് എത്തിച്ചിരിക്കുന്നത്.ചൈനീസ് നിർമാതാവ് ബിവൈഡിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ബസുകൾ നിർമിച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇലക്ട്രിക് ബസ് നിരത്തിലിറക്കാൻ കെഎസ്ആർടിസി ആലോചിച്ച് വരികയാണ്. ടോമിൻ ജെ തച്ചങ്കരി എംഡിയായ ശേഷമാണ് ഇതിനുള്ള നടപടികൾ വേഗത്തിലായത്.സർവീസ് വിജയകരമാണെങ്കിൽ സംസ്ഥാനത്ത് മൂന്നോറോളം വൈദ്യുത ബസുകൾ സർവീസിനിറക്കാനാണ് കെഎസ്ആർടിസി ആലോചിക്കുന്നത്. 2.5 കോടിയാണ് ബസിന്റെ വില. ഇത് വാങ്ങാൻ ശേഷിയില്ലാത്തതിനാൽ വാടകയ്ക്കെടുത്താണ് ഓടുന്നത്.നാല് മണിക്കൂർ കൊണ്ട് ബാറ്ററി ചാർജ് ചെയ്യാം. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 250 കിമീ ഓടാം. മണിക്കൂറിൽ 120 കിമീറ്ററാണ് വേഗതയെങ്കിലും കേരളത്തിലെ ഗതാഗത നിയമം അനുസരിച്ച് 80 കി മീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിൻ ചക്രങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളാണ് വേഗത നിയന്ത്രിക്കുന്നത്. ചാർജ് ചെയ്യാനുള്ള താത്കാലിക സൗകര്യം അതാത് ഡിപ്പോകളിൽ ഒരുക്കിയിട്ടുണ്ട്.
>

Trending Now