രണ്ട്കോടി നേട്ടം കൊയ്ത് മാരുതി സുസുക്കി

webtech_news18 , News18 India
രണ്ട് കോടി വാഹനങ്ങൾ നിരത്തിലെത്തിച്ച് നേട്ടം കൊയ്ത് ഇന്ത്യൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. 1983 ഡിസംബറിൽ നിർമാണം ആരംഭിച്ച് 34 വർഷവും ആറ് മാസവും പിന്നിട്ടിരിക്കെയാണ് മാരുതി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.ഉപഭോക്താക്കളുടെ ആവശ്യങ്ങളും താത്പര്യങ്ങളും കണ്ടറിഞ്ഞ് അവർക്കൊപ്പം നിന്നതിന് അവർ നൽകിയതാണ് ഈ നേട്ടമെന്നാണ് കമ്പനി പറയുന്നത്. ഗുണ മേന്മയും സുരക്ഷയും, സാങ്കേതിക വിദ്യയിൽ മുന്നിൽ നിൽക്കുന്ന‌തുമായ ഉത്പന്നങ്ങളാണ് കമ്പനി ഉപഭോക്താക്കൾക്ക് നൽകിയതെന്നും കമ്പനി വ്യക്തമാക്കുന്നു.


1994 മാർച്ചിലാണ് ഒരു മില്യൺ എന്ന നേട്ടം കമ്പനി സ്വന്തമാക്കിയത്. 2005 ഏപ്രിലില്‍ നേട്ടം അഞ്ച് മില്യണിലെത്തി. 2011 ഓടെയാണ് നേട്ടം ഒരു കോടിയിലെത്തിയത്. തുടർന്ന് വളരെ വേഗത്തിലായിരുന്നു മാരുതിയുടെ വളർച്ച. ഏഴ് വർഷം കൊണ്ട് തന്നെ രണ്ട് കോടി നേട്ടം കമ്പനി സ്വന്തമാക്കി.നിലവിൽ ആഭ്യന്തര വിപണിക്കു വേണ്ടി മാത്രം 16 മോഡലുകളാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. രണ്ട് കോടി വാഹനങ്ങളിൽ 14.37 മില്യൺ വാഹനങ്ങളും ഗുരുഗ്രാമിലാണ് നിർമിച്ചത്. 5.62 മില്യൺ വാഹനങ്ങളാണ് മനേസറിൽ ഉത്പാദിപ്പിച്ചത്.
>

Trending Now