വെള്ളപ്പൊക്കത്തിൽ വാഹന രേഖകൾ നഷ്ടപ്പെട്ടവർ വിഷമിക്കേണ്ട

webtech_news18 , News18
ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിൽ നിന്ന് കരകയറുകയാണ് കേരളം. നിരവധി ജീവനുകളാണ് വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടത്. ആ നഷ്ടം ഒരിക്കലും നികത്താനാകാത്തതുമാണ്. നഷ്ടങ്ങളുടെ കൂട്ടത്തിൽ ഇനിയുമുണ്ടേറെ. വീടും വസ്തുവും പണവും ഒക്കെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇക്കൂട്ടത്തിൽ പ്രധാന രേഖകളുമുണ്ട്.ലൈസൻസ്, ആർസി ബുക്ക് ഉൾപ്പെടെയുള്ള വാഹന രേഖകൾ നഷ്ടപ്പെട്ടതോർത്ത് വിഷമിക്കേണ്ട. മോട്ടോർ വാഹന വകുപ്പ് സഹായത്തിനുണ്ട്.


മോട്ടോർ വാഹന രേഖകൾ നഷ്ടപ്പെട്ടവർക്കും രജിസ്ട്രേഷൻ, നികുതി എന്നിവയുടെ കാലാവധി കഴിഞ്ഞവർക്കും മറ്റ് നടപടികളും പിഴയും ഒഴിവാക്കി ഇളവുകളോടെ പുതുക്കാൻ അവസരമുണ്ട്. ഓഗസ്റ്റ് 13 മുതൽ 31 വരെയുള്ള കാലത്തെ രേഖകൾക്കാണ് ഇളവ്.നഷ്ടപ്പെട്ട രേഖകളുടെ ഡൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഫീസ് ഈടാക്കാതെ നൽകും.ഇതിനുപുറമെ  താത്കാലിക രജിസ്ട്രേഷൻ കഴിഞ്ഞ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനും കാലാവധി കഴിഞ്ഞ രജിസ്ട്രേഷൻ പുതുക്കാനും സൗകര്യമുണ്ട്. ഡ്രൈവിംഗ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് എന്നിവ പുതുക്കാനുള്ള കാലാവധി പിഴ ഒഴിവാക്കി നീട്ടും.കാലാവധി കഴിഞ്ഞ പെർമിറ്റ് പുതുക്കാനും ഫിറ്റ്നെസ് ടെസ്റ്റിനും കോംപൗണ്ട് ഫീസ് ഒഴിവാക്കും.അപേക്ഷകൾ കൂടുതലുണ്ടെങ്കിൽ ജില്ലാ തലത്തിൽ അദാലത്ത് നടത്താനാണ് തീരുമാനം. നിലവിൽ പ്രകൃതി ദുരന്തത്തിന് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതിനാൽ ഇതു കൂടി പരിഗണിക്കാനും  മോട്ടോർ വാഹന വകുപ്പ് കമ്പനികളോട് ആവശ്യപ്പെടും.
>

Trending Now