ആർസി ബുക്കും ലൈസൻസും ഇനി കൊണ്ടുനടക്കേണ്ട

webtech_news18
ആർസി ബുക്ക്, ലൈസൻസ് ഉൾപ്പെടെയുള്ള വാഹന സംബന്ധമായ ഒരു രേഖകളും ഇനി കൈയ്യിൽ സൂക്ഷിക്കേണ്ടതില്ല. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ സൂക്ഷിച്ച വാഹന സംബന്ധമായ രേഖകൾ അംഗീകരിക്കാൻ സംസ്ഥാന സർ‌ക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകി.ഡിജി ലോക്കർ, എംപരിവാഹൻ പ്ലാറ്റ് ഫോം തുടങ്ങിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലുള്ള വാഹന സംബന്ധമായ എല്ലാ രേഖകളും 1988ലെ മോട്ടോർ വാഹന നിയമപ്രകാരം സാധുതയുള്ളതാണെന്ന് മിനിസ്ട്രി ഓഫ് റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവെ പുറത്തുവിട്ട നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.


ഡിജിറ്റൽ രൂപത്തിലുള്ള രേഖകൾ സ്വീകരിക്കുന്നില്ലെന്ന നിരന്തര പരാതിയുടെയും ആർടിഐ ആപ്ലിക്കേഷനുകളുടെയും ഫലമായിട്ടാണ് പുതിയ നിർദേശം പുറത്തിറക്കിയിരിക്കുന്നത്.മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ‌ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെ ഡിജി ലോക്കർപ്ലാറ്റ്ഫോമിലോ റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ എംപരിവാഹൻ വഴിയോ വാഹന സംബന്ധമായ രേഖകൾ എല്ലാം തന്നെ ഇലക്ട്രോണിക് രൂപത്തിലാക്കാനുളള സൗകര്യമുണ്ട്.ഡിജിറ്റൽ ലോക്കറിലോ എംപരിവാഹൻ ആപ്പിലോ ലഭ്യമായിരിക്കുന്ന ഇലക്ട്രോണിക് രേഖകൾക്ക് 2000ലെ ഐടി ആക്ട് പ്രകാരം നിയമ സാധുതയുണ്ട്. പുതിയ വാഹനത്തിന്റെ ഇൻഷ്വറൻസ്, ഇൻഷ്വറൻസ് പുതുക്കൽ തുടങ്ങിയ രേഖകൾ വാഹൻ എന്ന ഡേറ്റ ബേസ് വഴി ഇൻഷ്വറൻസ് ഇൻഫർമേഷൻ ബോർഡ് അപ്ലോഡ് ചെയ്യുമെന്നും ഇത് മന്ത്രാലയത്തിന്റെ എംപരിവാഹൻ/ ഇചെല്ലാൻ ആപ്പിൽ ലഭ്യമാകുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
>

Trending Now