സഹായഹസ്തവുമായി സ്‌കാനിയ കേരളത്തിൽ

webtech_news18
മുംബൈ: പ്രളയദുരിതത്തിൽ അകപ്പെട്ട കേരളത്തെ കൈപിടിച്ച് ഉയർത്താൻ പ്രമുഖ സ്വീഡിഷ് ബസ് നിർമാതാക്കളായ സ്‌കാനിയയും. പ്രളയബാധിതമേഖലകളിലെ പുനർനിർമാണപ്രവർത്തനത്തിലും ശുചീകരണപ്രവർത്തനങ്ങളിലും സ്‌കാനിയയുടെ സഹായം ലഭ്യമാക്കും. സ്‌കാനിയ ഫോർ കേരള എന്ന് പേരിട്ടിരിക്കുന്ന സന്നദ്ധസേവന പരിപാടിയുടെ ഭാഗമായി ഒരു ബസ് നിറയെ സാധന സാമഗ്രികളും സാങ്കേതികവിദഗ്ദരായ ജീവനക്കാരുമായാണ് സ്‌കാനിയ കേരളത്തിലേക്ക് വന്നത്. വസ്ത്രങ്ങളും റെഡി ടു ഈറ്റ് ഭക്ഷ്യവസ്തുക്കളും ശുചീകരണ സാമഗ്രികളും ബസിലുണ്ട്. കൂടാതെ രണ്ടു ഡോക്ടർമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ എന്നിവരും ഒപ്പമുണ്ട്. ബംഗളരുവിൽനിന്നാണ് സ്‌കാനിയ കേരളത്തിലേക്ക് വന്നത്.പ്രളയബാധിതപ്രദേശങ്ങളിൽ ക്യാംപ് നടത്തിയാണ് സ്‌കാനിയ തങ്ങളുടെ സേവനം ലഭ്യമാക്കുക. ആദ്യ ക്യാംപ് ഇന്ന് ചാലക്കുടിയിലും രണ്ടാമത്തെ ക്യാംപ് നാളെ ആലുവയിലും ആയിരിക്കും. പിന്നീടുള്ള ദിവസങ്ങളിൽ ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും സ്‌കാനിയയുടെ സഹായഹസ്തം എത്തും. ഓരോ സ്ഥലത്തും വീടുകൾ ശുചിയാക്കുകയും ആളുകൾക്ക് ആവശ്യമായ സാധന സാമഗ്രികൾ വിതരണം ചെയ്യുകയും ചെയ്യും. ദുരന്തബാധിത പ്രദേശങ്ങളിലെ ആളുകൾക്ക് സൌജന്യ യാത്രയും സാധനങ്ങൾ കൊണ്ടുപോകുന്നതുമുള്ള സൌകര്യവും സ്‌കാനിയ ലഭ്യമാക്കും.


ലോകമെങ്ങുമുള്ള സ്‌കാനിയ ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സമാഹരിച്ചാണ് കേരളത്തിലെ സന്നദ്ധപ്രവർത്തനങ്ങൾ നടത്തുക. നേരത്തെ സ്‌കാനിയയുടെ പുനരധിവാസ പരിപാടി തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് ചടങ്ങ് ഉപേക്ഷിച്ച് അതിന് ചെലവാകുന്ന തുക കൂടി നൽകാൻ പുനരധിവാസ പരിപാടിക്കായി ചെലവഴിക്കാൻ തീരുമാനിക്കുകയായിരുന്നു.
>

Trending Now