- News18 Malayalam
- Last Updated: November 12, 2020, 8:19 PM IST
ഇന്ത്യൻ നിരത്തുകളിൽ അദ്ഭുതം സൃഷ്ടിക്കാനുള്ള യാത്രയിലാണ് ടാറ്റ മോട്ടേഴ്സ്. നെക്സൻ റെക്കോർഡ് വിൽപനയാണ് കൈവരിക്കുന്നത്. ഹാരിയറാകട്ടെ, ഓട്ടോമാറ്റിക് പതിപ്പ് എത്തിയതോടെ വിൽപന കാര്യമായി വർധിച്ചു. ഇതിന് പിന്നാലെ പുതിയ വാഹനങ്ങളുമായി സ്പോർട്സ് യൂട്ടിലിറ്റി വാഹന (SUV) വിഭാഗത്തിൽ മേധാവിത്വം സ്ഥാപിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. എസ് യു വി വിഭാഗത്തിലെ പുത്തൻ മോഡൽ അവതരണങ്ങൾക്കൊപ്പം വിൽപന, വിൽപനാന്തര സേവന രംഗത്ത് അഴിച്ചുപണിക്കും ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നുവെന്നാണ് വിവരം.
2015ൽ ഇന്ത്യൻ യാത്രാവാഹന വിൽപനയിൽ എസ് യു വികളുടെ വിഹിതം 15 ശതമാനം ആയിരുന്നത് ഇപ്പോൾ ഇരട്ടിയോളമായി ഉയർന്നിട്ടുണ്ടെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ എസ് യു വി വിഭാഗത്തിൽ കൂടുതൽ സ്വാധീനം ഉള്ള നിർമാതാക്കൾക്കു മെച്ചപ്പെട്ട വമ്പനയും വിപണി വിഹിതവും സ്വന്തമാവുമെന്നും ശൈലേഷ് ചന്ദ്ര വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് എസ് യു വി ശ്രേണി വിപുലീകരിക്കാൻ ടാറ്റ മോട്ടോഴ്സ് തീരുമാനിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Also Read- Mini John Cooper Works| മിനി കൂപ്പറിന്‍റെ ലിമിറ്റഡ് എഡിഷൻ പതിപ്പ് വിപിണിയിൽ; വില 46.90 ലക്ഷം രൂപ
രണ്ട് എസ് യു വികൾ കൂടി അവതരിപ്പിക്കാനാണ് ടാറ്റ മോട്ടോഴ്സ് തയാറെടുക്കുന്നത്. ഗ്രാവിറ്റാസ്, ഹോൺബിൽ എന്നീ കോഡ് നാമത്തിൽ വികസിപ്പിച്ച എസ് യു വികളാണു വൈകാതെ നിരത്തിലെത്തുക. ഏഴു സീറ്റുള്ള എസ് യു വിയാണു ഗ്രാവിറ്റാസ് എങ്കിൽ സബ് കോംപാക്ട് വിഭാഗത്തിലേക്കാണ് ഹോൺബില്ലിന്റെ വരവ്. നാല് മോഡലുകളാവുന്നതോടെ എസ് യു വി വിഭാഗത്തിലെ ഏറ്റവും വിപുല ശ്രേണി ടാറ്റ മോട്ടോഴ്സിന് സ്വന്തമാവുമെന്നും ശൈലേഷ് ചന്ദ്ര അറിയിച്ചു. അടുത്ത മാർച്ചിനകം ഗ്രാവിറ്റാസ് നിരത്തിലെത്തും. അതിന് പിന്നാലെ ഹോൺബില്ലുമെത്തും.