നാനോ കാർ 'യാത്ര' അവസാനിപ്പിക്കുന്നുവോ?

webtech_news18
ന്യൂഡൽഹി: ടാറ്റ മോട്ടോഴ്സിന്റെ വിലകുറഞ്ഞ ചെറുകാറായ നാനോ നിരത്തുകളിലെ യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ജൂൺ മാസത്തിൽ നിർമിച്ചത് ഒരു യൂണിറ്റ് മാത്രം. വിറ്റത് മൂന്ന് യൂണിറ്റും. ഒരു യൂണിറ്റ് പോലും കയറ്റുമതി ചെയ്തില്ല. എന്നാൽ നാനോ കാറുകളുടെ നിർമാണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇതുവരെയും തീരുമാനം എടുത്തിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.2009ലായിരുന്നു ടാറ്റ മോട്ടോഴ്സ് ചെറുകാറായ 'നാനോ' വിപണിയിലിറക്കിയത്. ടാറ്റ ഗ്രൂപ്പ് മേധാവിയായിരുന്ന രത്തൻ ടാറ്റയുടെ ഇഷ്ടപദ്ധതിയായിരുന്ന

'നാനോ'യ്ക്കു പ്രചരണത്തിലും വാർത്തകളിലും കിട്ടിയ 'സ്വീകാര്യത' വിൽപനയിൽ പ്രതിഫലിച്ചില്ല. പലതവണ നവീകരിക്കുകയും പരിഷ്കരിക്കുകയുമൊക്കെ ചെയ്തിട്ടും പ്രതീക്ഷിച്ച വിൽപന കൈവരിക്കാൻ നാനോയ്ക്കു കഴിഞ്ഞതുമില്ല.കഴഞ്ഞ വർഷം ജൂണിൽ 25 യൂണിറ്റാണ് കയറ്റുമതി ചെയ്തത്. എന്നാൽ ഇത്തവണ ഒന്നുപോലും ഇല്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് 275 യൂണിറ്റുകൾ നിർമിച്ചപ്പോൾ ഇത്തവണ ആകെ ഒരു യൂണിറ്റ് മാത്രം. ആഭ്യന്തര വിപണിയിൽ ഈ ജൂണിൽ വിറ്റുപോയത് മൂന്ന് യൂണിറ്റുകൾ മാത്രം. കഴിഞ്ഞ വർഷം ഇതേ സമയത്ത് 167 യൂണിറ്റുകൾ വിറ്റുപോ‌യ സ്ഥാനത്താണിത്.

2019നപ്പുറം ഈ രീതിയിൽ‌ മുന്നോട്ടുപോകാനാകില്ലെന്ന് ടാറ്റ മോട്ടേഴ്സിൻ‌റെ വക്താവ് പറയുന്നു. നിലനിൽക്കണമെങ്കിൽ പുതിയ നിക്ഷേപം വേണം. അതേസമയം നാനോക്ക് ആവശ്യക്കാരുള്ള വിപണികൾ ലക്ഷ്യമിട്ട് ഉൽപാദനം തുടരും. എന്നാൽ ഉൽപാദനം നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.2009ൽ വിപണിയിലെത്തുമ്പോൾ കാറൊന്നിന് ഒരു ലക്ഷമായിരുന്നു വില. പശ്ചിമബംഗാളിലെ സിംഗൂരിലെ പ്ലാന്റിൽ നിർമാണം നടത്താനായിരുന്നു ശ്രമം. പക്ഷെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കർഷക പ്രക്ഷോഭം ശക്തിപ്രാപിച്ചതോടെ നിർമാണം ഗുജറാത്തിലേക്ക് മാറ്റേണ്ടിവന്നു. കാറിന് തീ പിടിക്കുന്ന നിരവധി സംഭവങ്ങൾ തുടക്ക കാലത്തുണ്ടായി. ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന പ്രചരണത്തിൽ പിഴവ് സംഭവിച്ചുവെന്ന് രത്തൻ ടാറ്റ തുറന്നു പറഞ്ഞിരുന്നു.ഇതിനു പുറമെ കേന്ദ്രസർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൈവരിക്കണമെങ്കിൽ 'നാനോ'യിൽ ഗണ്യമായ നിക്ഷേപം അനിവാര്യമാണ്. കൂടുതൽ പണം മുടക്കി നാനോ നിലനിർത്തണമോ അതോ മോഡൽ പിൻവലിക്കണോ എന്നതു സംബന്ധിച്ചാണ് ഇനി തീരുമാനമെടുക്കേണ്ടത്. 
>

Trending Now