ശുദ്ധമായ പഴച്ചാറുമായി ഗ്രീൻ ഹാബിറ്റോ; പിന്നിൽ രണ്ട് എഞ്ചിനിയർമാർ

webtech_news18
തിരുവനന്തപുരം: ആരോഗ്യ കാര്യത്തിൽ പുതുതലമുറ ഏറെ ശ്രദ്ധചെലുത്തുന്ന കാലമാണിത്. ഭക്ഷണത്തിലും ഈ ആരോഗ്യശ്രദ്ധ പുലർത്തുന്നവരാണ് ഇപ്പോൾ കൂടുതൽപേരും. ജൈവ ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം ലഭിക്കുന്നതും ഇതുകൊണ്ടാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ടെക്നോപാർക്കിലെ ചെറുപ്പക്കാരായ രണ്ട് എഞ്ചിനിയർമാർ തുടങ്ങിയ ഗ്രീൻ ഹാബിറ്റോ എന്ന പഴച്ചാർ സംരഭം ശ്രദ്ധയാകർഷിക്കുന്നത്. തിരുവനന്തപുരം സ്വദേശികളായ സുജിത്തും അശ്വദേവും ചേർന്നു കഴക്കൂട്ടത്ത്‌ തുടങ്ങിയ 'ഗ്രീൻ ഹാബിറ്റോ' എന്ന സംരംഭമാണ് ശ്രദ്ധനേടുന്നത്. 'ഒരു കപ്പ് നിറയെ ആരോഗ്യം' എന്നതാണു ഗ്രീൻ ഹാബിറ്റോ മുന്നോട്ടുവയ്ക്കുന്ന ആശയം.കഴിഞ്ഞ മേയിലാണ് ഗ്രീൻ ഹാബിറ്റോയ്ക്കു തുടക്കമിടുന്നത്. വെള്ളമോ പഞ്ചസാരയോ കളറോ ഒന്നും ഉപയോഗിക്കാതെ ശുദ്ധമായ പഴച്ചാറിനായി ഒരു ഇടം എന്ന നിലയ്ക്കാണു ഗ്രീൻ ഹാബിറ്റോ തുറക്കുന്നതെന്ന് സുജിത്തും അശ്വദേവും പറയുന്നു. 22 തരം സ്മൂത്തീസും 24 ഇനം കോൾഡ് പ്രസ്ഡ് ജൂസുമാണ് ഇവിടുത്തെ സ്‌പെഷ്യൽ വിഭവങ്ങൾ. ഇതുകൂടാതെ ശുദ്ധ പഴച്ചാറുകൾ മാത്രമായും പഴങ്ങൾ ഉപയോഗിച്ചുള്ള സാൻവിച്ചുകളും ഇവിടെയുണ്ട്. പഞ്ചസാരയ്ക്കു പകരം തേൻ ഉപയോഗിക്കുന്നുവെന്നതും ഗ്രീൻ ഹാബിറ്റോയുടെ പ്രത്യേകത.


പ്രവർത്തനം തുടങ്ങി മൂന്നു മാസംകൊണ്ടുതന്നെ നൂറിൽപ്പരം പേർ ഗ്രീൻ ഹാബിറ്റോയുടെ പ്രതിദിന ഉപഭോക്താക്കളായിട്ടുണ്ടെന്നു സുജിത്ത് പറയുന്നു. ദാഹമകറ്റുക എന്നതിലുപരി ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യത്തിൽ ഒരു ജൂസ് ഷോപ്പ് തുടങ്ങുകയെന്നതായിരുന്നു ഗ്രീൻ ഹാബിറ്റോ എന്ന ലക്ഷ്യത്തിനു പിന്നിൽ. അതു സാർഥകമാകുന്നുവെന്ന് ഇവിടെ പതിവായെത്തുന്ന ഓരോ ആളുകളുടേയും അഭിപ്രായങ്ങൾ തെളിയിക്കുന്നുണ്ട്. വരവും ചെലവും തമ്മിലുള്ള കണക്കല്ല, മറിച്ച് ഇവിടെയെത്തി മടങ്ങുന്നവരുടെ അഭിപ്രായങ്ങളാണ് ഗ്രീൻ ഹാബിറ്റോയുടെ ലാഭ - നഷ്ടങ്ങൾ നിർണയിക്കുന്നത്. ഗ്രീൻ ഹാബിറ്റോയുടെ മാതൃക ഈ രംഗത്തു പ്രവർത്തിക്കുന്ന മറ്റുള്ളവരും പിന്തുടരണമെന്നാണ് ആഗ്രഹമെന്നും സുജിത്ത് പറയുന്നു.കഴക്കൂട്ടം ബൈപാസ് റോഡിൽ ടെക്‌നോപാർക്കിന് എതിർവശത്താണു ഗ്രീൻ ഹാബിറ്റോ പ്രവർത്തിക്കുന്നത്. ദിവസവും ഉച്ചയ്ക്കു 12 മുതൽ രാത്രി വൈകുംവരെ ഗ്രീൻ ഹാബിറ്റോ പ്രവർത്തിക്കുന്നത്.
>

Trending Now