അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ തുടരും

webtech_news18 , News18 India
ന്യൂഡൽഹി: ചൈനയ്ക്കു മുന്നിൽ വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയ തുടരുമെന്ന് ഏഷ്യൻ ഡിവലപ്മെന്റ് ബാങ്ക്. 2018-19 വർഷത്തിൽ 7.3 ശതമാനമായിരിക്കും വളർച്ചാ നിരക്കെന്നും 2019-20ൽ ഇത് 7.6 ശതമാനമായിരിക്കുമെന്നും എഡിബി വ്യക്തമാക്കുന്നു. വർധിച്ച പൊതു ചെലവ്, ഉയർന്ന ശേഷിയിലെ ഉപയോഗ ചെലവ്, സ്വകാര്യ നിക്ഷേപം വർധിക്കുന്നത് എന്നിവയായിരിക്കും ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതെന്നും എഡിബി.എഡിബിയുടെ സപ്ലിമെന്റായ എഡിബി ഔട്ട് ലുക്കിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ സാമ്പത്തിക വളർച്ച നിലനിർത്തുമ്പോൾ ചൈനയുടെ വളർച്ചയുടെ വേഗത കുറയുന്നുവെന്നും ഇതിൽ പറയുന്നു. ചൈനയുടെ സാമ്പത്തിക വളർച്ച 2018ൽ 6.6 ശതമാനവും 2019ൽ 6.4 ശതമാനവുമായിരിക്കുമെന്നാണ് എഡിബി പറയുന്നത്. 2017ൽ ഇത് 6.9 ശതമാനമായിരുന്നു.


ഇന്ത്യയിൽ ബാങ്കിംഗ് സംവിധാനത്തെ ശക്തിപ്പെടുത്താൻ സ്വീകരിച്ച നടപടികൾ സ്വകാര്യ നിക്ഷേപം വർധിപ്പിച്ചുവെന്നും ചരക്കു സേവന നികുതിയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനു വേണ്ട നടപടികൾ കൈക്കൊള്ളുന്നതിന് സഹായിച്ചുവെന്നും എഡിബി വ്യക്തമാക്കുന്നു.വളർച്ച നേട്ടത്തിലൂടെ സൗത്ത് ഏഷ്യ ഉപമേഖലയിലെ സുപ്രധാന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും എഡിബി. 2017-18 മാർച്ചിൽ അവസാനിച്ച അവസാന പാദത്തിൽ 7.7 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ച.ഇന്ത്യയിൽ സ്വകാര്യ ഉപഭോഗം ആരോഗ്യകരമായ നിരക്കിൽ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോഗ ശേഷി നിരക്ക് നാല് വർഷത്തെ ഉയർന്ന നിലയിലാണ്. ഇത് സ്വകാര്യ നിക്ഷേപത്തിന് പ്രോത്സാഹനമാണെന്നും എഡിബി.
>

Trending Now