കൊള്ളയടിച്ച് ബാങ്കുകള്‍; മിനിമം ബാലന്‍സിന്റെ പേരില്‍ പിരിച്ചെടുത്തത്‌ 5000 കോടി

webtech_news18
ന്യൂഡല്‍ഹി; അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ പിഴയായി പരിച്ചെടുത്തത് അയ്യായിരം കോടി രൂപ. ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്, 2433 കോടി രൂപ. കിട്ടാക്കടം കാരണമുള്ള നഷ്ടം നികത്താന്‍ ബാങ്കുകള്‍ സാധാരണക്കാര്‍ക്ക് അധിക ബാധ്യത ഉണ്ടാകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.പാര്‍ലമെന്റില്‍ ധനമന്ത്രാലയം നല്‍കിയ മറുപടിയിലാണ് മിനിമം ബാലന്‍സ് വ്യവസ്ഥ പാലിക്കാത്ത അക്കൗണ്ടുകളില്‍ നിന്ന് ബാങ്കുകള്‍ പിടിച്ചെടുത്ത പിഴയുടെ ഞെട്ടിക്കുന്ന കണക്കുകള്‍. 2017 -18 ല്‍ രാജ്യത്തെ 24 ബാങ്കുകള്‍ നേടിയത് 4989.55 കോടി രൂപയാണ്. ഇതില്‍ 21 പൊതുമേഖല ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍ നിന്ന് പിഴയായി ഈടാക്കിയത് 3550.99 കോടി രൂപ. ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, െഎ.സി.െഎ.സി.െഎ ബാങ്ക് എന്നീ മൂന്ന് സ്വകാര്യ ബാങ്കുകള്‍ക്ക് കിട്ടിയത് 1438.56 കോടി രൂപ. എസ്.ബി.െഎയ്ക്ക് 2017 18ല്‍ കിട്ടിയത് 2433.87 കോടി രൂപ. ഇടയ്ക്ക് നിര്‍ത്തിവെച്ചെങ്കിലും പിന്നീട് 2017 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് എസ്.ബി.െഎ നിര്‍ബന്ധിതമാക്കി. ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളെയുമാണ് മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.


അക്കൗണ്ടില്‍ നിശ്ചിത തുക ഇല്ലാതെ വന്നാല്‍ എസ്.ബി.െഎ ഈടാക്കുന്നത് അഞ്ച് രൂപ മുതല്‍ 15 രൂപവരെയാണ്. മെട്രോ നഗരങ്ങളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ പ്രതിമാസം ശരാശരി 3,000 രൂപ വേണം. നഗരപ്രദേശങ്ങളില്‍ 2,000 രൂപയും ഗ്രാമങ്ങളില്‍ 1,000 രൂപയുമാണ്. 2017 18 വര്‍ഷത്തില്‍ പിഴയിനത്തില്‍ ഏറ്റവും അധികം കൂടുതല്‍ പണം ലഭിച്ച സ്വകാര്യ ബാങ്ക് എച്ച്.ഡി.എഫ്.സി ബാങ്കാണ്. 590.84 കോടി രൂപ. പൊതുമേഖല ബാങ്കുകളില്‍ രണ്ടാം സ്ഥാനത്ത് പഞ്ചാബ് നാഷണല്‍ ബാങ്കാണ്. 2017 18 ല്‍ കിട്ടിയത് 210.76 കോടി രൂപ. എ സമ്പത്ത് എം.പിക്ക് ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്.പിഴ ഈടാക്കാനുള്ള വ്യവസ്ഥ 2018 സാമ്പത്തിക വര്‍ഷം വീണ്ടും കൊണ്ടു വരാന്‍ എസ്.ബി.ഐ തീരുമാനിച്ചതാണ് വന്‍ വര്‍ദ്ധനവിന് കാരണം. ശകതമായ പ്രതിഷേധത്തെ തുടര്‍ന്ന് മിനിമം ബാലന്‌സ് വ്യവസ്ഥകളില്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ എസ്.ബി.ഐ ഇളവുകള്‍ കൊണ്ടുവന്നിരുന്നു. വായ്പ്പാ തട്ടിപ്പ് നടത്തിയ വിജയ് മല്യയെയും നീരവ് മോദിയെയും രക്ഷപ്പെടാന്‍ അനുവദിച്ച സര്‍ക്കാര്‍ സാധാരണക്കാര്‍ അദ്ധ്വാനിച്ചുണ്ടാക്കിയ പണം തട്ടുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു. 
>

Trending Now