ചൈനീസ് ബഹിരാകാശ നിലയം ശാന്ത സമുദ്രത്തിൽ പതിച്ചു; ഒഴിവായത് വൻ ദുരന്തം

webtech_news18 , Advertorial
ബീജിംഗ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ശാന്ത സമുദ്രത്തിൽ പതിച്ചു. പ്രവര്‍ത്തനം നിലച്ച ബഹിരാകാശ പരീക്ഷണശാല ഭൂമിയോട് അടുക്കുകയാണെന്ന വാർത്ത ലോകത്തെ ആശങ്കയിൽ ആക്കിയിരുന്നു. ചൈനയുടെ ആദ്യ ബഹിരാകാശ നിലയമായ ടിയാന്‍ഗോങ്-1 ആണ് എവിടെ പതിക്കുമെന്ന് പോലും നിശ്ചയിക്കാനാവാതെ ശാസ്ത്ര ലോകത്തെ വലച്ചത്. സമുദ്രത്തിൽ പതിച്ചതിനാൽ‌ ഒഴിവായത് വൻ ദുരന്തമാണെന്ന് ശാസ്ത്രലോകം.ഒരു സ്കൂൾ ബസ്സിന്റെ   വലുപ്പമുണ്ടായിരുന്ന നിലയത്തിന്റെ ഭൂരിഭാഗവും സമുദ്രത്തിൽ പതിക്കും മുൻപ് കത്തിപ്പോയിരുന്നു. എന്നാൽ  പരീക്ഷണശാല ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നതിന്  കൃത്യമായ സമയമോ പതിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളോ പ്രവചിക്കാൻ സാധിക്കുന്നില്ലെന്നതായിരുന്നു ആശങ്കയുടെ കാരണം.


കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമാകുകയും ഉടന്‍ ഭൂമിയിലേക്കു പതിക്കുമെന്നും രാജ്യം ലോകത്തെ അറിയിക്കുകയും ആയിരുന്നു. എന്നാൽ നിലയം ഭൂമിയിലേക്ക് എത്തും മുന്‍പ് കത്തി തീരുമെന്നും ഭയക്കേണ്ടതില്ലെന്നുമായിരുന്നു ഒരു വിഭാഗം ഗവേഷകരുടെ പക്ഷം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചൈന നിര്‍മ്മിച്ച ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ബഹിരാകാശ ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.ഒട്ടേറെ വിക്ഷേപണങ്ങൾക്ക് ഒടുവിലാണ് ലോകരാഷ്ട്രങ്ങളുടെ സഖ്യം രാജ്യാന്തര ബഹിരാകാശ നിലയം എന്ന ഭീമാകാരമായ സ്പേസ് ലാബ് യാഥാർഥ്യമാക്കിയത്. ഈ വിജയം ഒറ്റയ്ക്കു നേടിയെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം.
>

Trending Now