മൊബൈലടക്കം ആദായ വിലയിൽ; ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡെയ്സ് വിൽപ്പന ആരംഭിക്കുന്നു

webtech_news18 , News18 India
ജൂലൈ 16, 17 തീയതികളിൽ നടക്കുന്ന ആമസോൺ പ്രൈംഡേ സെയിലിനൊപ്പം ഫ്ലിപ്പ്കാർട്ടിന്റെ ബംബർ സെയിലും. ജൂലൈ 16 മുതൽ 19 വരെയാണ് ഫ്ലിപ്കാർട്ടിന്റെ ആദായ വിൽപ്പന ആരംഭിക്കുന്നത്. സാംസംഗ്, വിവോ, ഗൂഗിൾ തുടങ്ങി നിരവധി ബ്രാൻഡുകളുടെയടക്കം മൊബൈലുകളും മറ്റ് ഗൃഹോപകരണങ്ങളും ആദായ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഫോണുകൾക്ക് ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫറും ബൈ ബാക് ഓഫറും ലഭിക്കും. ജൂലൈ 16ന് ഉച്ചയ്ക്ക് 12 മണി മുതലാണ് ആമസോൺ പ്രൈംഡേ സെയിൽ ആരംഭിക്കുന്നത്. എന്നാൽ വൈകുന്നേരം നാല് മണി മുതലാണ് ഫ്ലിപ്കാർട്ടിന്റെ ബിഗ് ഷോപ്പിംഗ് സെയിൽ ആരംഭിക്കുന്നത്.ഫ്ലിപ്കാർട്ട് സെയിലിൽ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡിന് 10 ശതമാനം ഡിസ്കൗണ്ട് ഉണ്ട്. ഇതിനു പുറമെ ചില ഉത്പ്പന്നങ്ങൾക്ക് ബജാജ് ഫിൻസെർവ് നോ കോസ്റ്റ് ഇഎംഐയും നൽകുന്നുണ്ട്. 80 മണിക്കൂർ നീണ്ട് നിൽക്കുന്നതാണ് വിൽപ്പന. ഈ കാലയളവിൽ ഓരോ എട്ട് മണിക്കൂറിനിടെയും ബ്ലോക്ക് ബസ്റ്റർ ഡീൽ, വിലക്കി‌ഴിവ് എന്നിവ പുതുക്കി നൽകുന്നുണ്ട്.


70,000 രൂപയുടെ ഗൂഗിൾ പിക്സൽ 2 സ്മാർട്ട് ഫോൺ 42,999 രൂപയ്ക്കാണ് ബിഗ് ഷോപ്പിംഗ് ഡെയ്സിൽ വിൽപ്പനയ്ക്കെത്തുന്നത്. 3000 രൂപയുടെ എക്സ്ചെയ്ഞ്ച് ഓഫറും 8,000 രൂപയുടെ കാഷ്ബാക് ഓഫറും ഇതിനോടൊപ്പം നൽകുന്നുണ്ട്. പാനസോണിക് പി 95 3,999 രൂപയ്ക്കും, 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഹോണർ 9 ഐ 14,999 രൂപയ്ക്കും ആദായ വിൽപ്പനയിൽ ലഭിക്കും. ഇൻഫിനിക്സിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ ഹോട്ട് 6 പ്രൊ 7,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് ഷോപ്പിംഗ് ഡേ സെയിലിൽ ലഭിക്കും.ലാപ്ടോപ്പ്, പവർബാങ്ക്, മൊബൈൽ അക്സസറീസ്, ഡിഎസ്എൽആർ തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ആദായ വിലയിൽ സ്വന്തമാക്കാം. 89,990 രൂപയുടെ എസെർ പ്രിഡെറ്റർ ലാപ്ടോപ് 63,990 രൂപയ്ക്ക് സ്വന്തമാക്കാം. ആപ്പിൾ വാച്ച് സീരീസ് 3യും സിക്സ്ത്ത് ജെനറേഷൻ ഐപാഡും വിലക്കുറവിൽ സ്വന്തമാക്കാം. ഇതിനു പുറമെ ടിവികൾക്കും 70 ശതമാനം വരെ വിലക്കുറവുണ്ട്.
>

Trending Now